കാസർകോട്: സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കാസർകോട് ജില്ലയ്‌ക്കായി കളിക്കാനിറങ്ങിയ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് പരാതി (Kasaragod district players faced severe neglect in the state games). വോളിബോൾ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ബന്ധപ്പെട്ട അധികൃതരുടെയോ സ്‌കൂളിന്‍റെയോ സഹായം ലഭിക്കാതെ വന്നത്. സെപ്‌റ്റംബർ 30, ഒക്‌ടോബർ മൂന്ന് തീയതികളിലാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്‍റെ ഭാഗമായി ജൂനിയർ, സീനിയർ വോളിബോൾ മത്സരങ്ങൾ നടന്നത്.
ജൂനിയര്‍, സീനിയര്‍ താരങ്ങൾ കളിച്ചത് ബന്ധപ്പെട്ട അധികൃതരുടെ യാതൊരു സഹായവുമില്ലാതെയാണ്. വിദ്യാർഥികൾ സ്വന്തമായാണ് ജേഴ്‌സി വാങ്ങിയതും വണ്ടിക്കൂലിക്ക് പണം മുടക്കിയതും. 12 അംഗ സംഘമാണ് കാസർകോട് നിന്നും മത്സരത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
അതേസമയം സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. അധികൃതർ തങ്ങളെ വിവരം അറിയിച്ചില്ലെന്നും ഇവർ പറയുന്നു. മടക്കയാത്രക്കിടെ ഒരു വിദ്യാർഥിയുടെ കാലിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും രംഗത്ത് എത്തിയിട്ടുണ്ട്.
വാട്‌സ്‌ആപ് ഗ്രൂപ് ഉണ്ടാക്കി നിശ്ചിത തീയതിക്ക് മത്സരത്തിന് എത്തണമെന്ന് മാത്രമാണ് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചതെന്നാണ് പറയുന്നത്. കോച്ചോ, മാനേജരോ ആരെന്ന് പോലും ഇവർക്ക് അറിയില്ലായിരുന്നു. വിദ്യാർഥികളെ അവരുടെ ബന്ധുക്കളാണ് ട്രെയിൻ കയറ്റി വിട്ടത്. ഇവരിൽ പലരും ആദ്യമായി ട്രെയിനിൽ പോകുന്നവരായിരുന്നു.
തിരുവനന്തപുരത്ത് മത്സര സ്ഥലത്ത് എത്തിയപ്പോൾ ഉത്തരവാദിത്തപ്പെട്ട ആരും ഇവർക്ക് സഹായത്തിന് ഉണ്ടായിരുന്നില്ല. മറ്റ് ജില്ലകളിൽ ഒന്നിലധികളെ കോച്ചുകളും ടീം മാനേജറും സഹായികളും ഉണ്ടായിരുന്നപ്പോഴാണ് കാസർകോടിന്‍റെ ഈ അവസ്ഥ. രജിസ്‌ട്രേഷൻ മുതൽ ടീമിലെ അംഗങ്ങളെ കളിക്കളത്തിൽ ഇറക്കുന്നതും സബ്സ്റ്റിറ്റ്യൂടിനെ ഇറക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് കോച്ചോ മാനേജരോ ആണ്.
എന്നാൽ ഇതെല്ലാം കുട്ടികൾ തന്നെ ചെയ്യേണ്ട അവസ്ഥയായിരുന്നു. സീനിയർ ടീം അംഗങ്ങൾ ട്രെയിനിൽ തിരിച്ചുവരുന്നതിനിടെ അരീക്കോട് വച്ചാണ് ഇവരിൽ ഒരാളുടെ കാലിന് സാരമായി പരിക്കേറ്റത്. ഇതോടെ കുട്ടികൾ ട്രെയിനിൽ പതിവഴിക്ക് ഇറങ്ങുകയും പരിക്കേറ്റ കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ എത്തിക്കുകയും ചെയ്‌തു.
ഇവിടെ നിന്ന് കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാലിന്‍റെ ഞരമ്പ് പൊട്ടിയതിനാൽ ശസ്‌ത്രക്രിയ വേണ്ടി വന്നതായും രക്ഷിതാക്കൾ വ്യക്തമാക്കി. ദയനീയ അവസ്ഥകൾ നേരിട്ട വിദ്യാർഥികൾ പരിക്കേറ്റ കുട്ടിയേയും താങ്ങിപ്പിടിച്ചാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. അതേസമയം കോച്ചിനെയും കോർഡിനേറ്ററെയും നിയമിച്ചിരുന്നതായാണ് ജില്ലാ വിദ്യഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.