കാസര്‍കോട്: മഹാമാരിക്കാലത്ത് പ്രാണവായുവിനായി ഇനി കാസര്‍കോട്ടുകാര്‍ക്ക് അലയേണ്ടി വരില്ല. ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആസൂത്രണം ചെയ്‌ത സിലിണ്ടര്‍ ചാലഞ്ച് ലക്ഷ്യത്തിലെത്തുന്നു. ചാലഞ്ചിലൂടെ ഇതുവരെ 287 സിലിണ്ടറുകള്‍ ലഭിച്ചു കഴിഞ്ഞു. ഇരുപത് സിലിണ്ടറുകള്‍ വാങ്ങാനുള്ള നാല് ലക്ഷത്തോളം രൂപയാണ് വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വഴി കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് എത്തിയത്.
Read more: പ്രാണവായു തേടി കാസർകോട് ജില്ല, സിലിണ്ടർ ചലഞ്ചിന് മികച്ച പ്രതികരണം
ഗുജറാത്തിലെ കമ്പനിയില്‍ നിന്നും 330 സിലിണ്ടറുകള്‍ വാങ്ങാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഇത് ലഭിക്കാനെടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് വ്യാവസായിക ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് ചാലഞ്ചിന് തുടക്കമിട്ടത്. ജില്ലയിലേക്ക് വാങ്ങുന്ന സിലിണ്ടര്‍ എത്തുന്ന മുറക്ക് ഇവയെല്ലാം തിരിച്ചു നല്‍കുമെന്ന ഉറപ്പും അധികൃതര്‍ നല്‍കി.
Also read: കൊവിഡ് വാക്‌സിൻ സൗജന്യം, മൂന്ന് കോടി ഡോസിന് ആഗോള ടെണ്ടറെന്നും നയപ്രഖ്യാപനം
മറ്റു ജില്ലകളില്‍ നിന്ന് 130 സിലിണ്ടറുകള്‍ കൂടി ജില്ലയിലേക്കെത്തിച്ചിട്ടുണ്ട്. ലഭിച്ച സിലിണ്ടറുകളെല്ലാം ഉപയോഗിച്ചു തുടങ്ങിയതാണ് ആശ്വാസമായത്. ജില്ലയില്‍ എത്തുന്ന സിലിണ്ടര്‍ സ്‌റ്റോക്ക് അതാത് ദിവസം തീരുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ചാലഞ്ച് വഴി സാധിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണന്‍ പറഞ്ഞു. ധര്‍മശാലയിലെ ബാല്‍കോയില്‍ നിന്നാണ് ഓക്‌സിജന്‍ ജില്ലയിലേക്ക് എത്തിക്കുന്നത്. നിലവില്‍ 200 സിലിണ്ടറുകള്‍ വരെ ദിവസേനെ ആവശ്യമായി വരുന്നുണ്ട്.