കാസര്‍കോട് : ജില്ലയിലെ ഗവ. മെഡിക്കല്‍ കോളജില്‍ ഒ.പി വിഭാഗം ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം. പ്രവർത്തനം ഉടന്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയുമടക്കം കൂട്ടമായി സ്ഥലം മാറ്റുകയാണുണ്ടായത്.
ഒ.പിയുടെ പ്രവര്‍ത്തനവും ന്യൂറോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കുമെന്ന് നവംബർ 18ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ നവംബര്‍ 27 ന് ആശുപത്രിയിലെ 11 നഴ്‌സുമാരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവില്‍ രണ്ട് ഹെഡ്നേഴ്‌സുമാരെ ഉള്‍പ്പടെ 17 പേരെ കൊല്ലം മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുമുണ്ട്.
നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുനല്‍കിയില്ല
രണ്ട് റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ലാബ് ടെക്‌നീഷ്യര്‍ എന്നിവരെയും മാറ്റി. ആറ് ഡോക്‌ടര്‍മാരെയും വിവിധ ഇടങ്ങളിലേക്ക് അയച്ചു. ബാക്കിയുള്ള ഡോക്‌ടര്‍മാര്‍ക്ക് അടുത്ത ദിവസം തന്നെ ഉത്തരവ് ലഭിക്കുമെന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുമുണ്ട്. വര്‍ക്കിങ് അറേഞ്ച്‌മെന്‍റ് എന്ന പേരിലാണ് കൂട്ടസ്ഥലം മാറ്റം. 2012 മാർച്ച് 24നാണ് മെഡിക്കൽ കോളജിന് യു.ഡി.എഫ് സർക്കാർ ഭരണാനുമതി നൽകിയത്.
2013 നവംബർ 30 ന് ഉമ്മൻചാണ്ടിയാണ് തറക്കല്ലിട്ടത്. 10 വർഷത്തിനിപ്പുറം നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗം കഴിഞ്ഞിട്ടും ആശുപത്രി മാത്രം തുറന്നുകൊടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞവർഷം മാർച്ചിൽ അക്കാദമിക്ക് ബ്ലോക്കിൽ താത്‌കാലിക ഒ.പി തുടങ്ങാൻ തീരുമാനിച്ചതാണ്. പിന്നീട് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. ഒന്നര വർഷം പ്രവർത്തിച്ച കേന്ദ്രം ഒക്‌ടോബർ ഒന്നിനാണ് അവസാനിപ്പിച്ചത്.
ALSO READ: ഒമിക്രോൺ : ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ; നിർണായകം