കാസര്‍കോട്: പഞ്ഞമാസത്തിലെ ആധികളും വ്യാധികളും മാറ്റാനെന്ന ഐതിഹ്യപ്പെരുമയോടെ കര്‍ക്കടക തെയ്യങ്ങള്‍ നാട്ടുവഴികളിലൂടെ വീടുകളിലേക്ക് എത്തി തുടങ്ങി. മലയ, വണ്ണാൻ, നാൽക്കത്തായ സമുദായത്തിൽപ്പെട്ട കുട്ടികളാണ് കര്‍ക്കടക തെയ്യം കെട്ടിയാടുന്നത്. മലയ സമുദായക്കാർ ശിവരൂപമായ ആടിവേടൻ തെയ്യവും, വണ്ണാന്‍ സമുദായക്കാര്‍ പാര്‍വതീരൂപമായ വേടത്തി തെയ്യവുമാണ് കെട്ടുന്നത്.
കാസര്‍കോട് ജില്ലയില്‍ പൊതുവെ കാണുന്ന അര്‍ജുനന്‍ രൂപമായ ഗളിഞ്ചന്‍ തെയ്യമായി എത്തുന്നത് നാല്‍ക്കത്തായ സമുദായക്കാരാണ്. ചെണ്ടമേളത്തോടെ വാദ്യക്കാരൻ പാടുന്ന വേടൻപാട്ടിന്‍റെ താളത്തിൽ തെയ്യമാടുമ്പോള്‍ വീടുകളിലെ ദോഷങ്ങൾ മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
കർക്കടകത്തിലെ മഴയെ വകവയ്‌ക്കാതെ, വീടിന്‍റെ പടി കടന്നെത്തുന്ന, സങ്കല്‍പ്പങ്ങളിലെ ഐശ്വര്യവാഹകരെ, നിലവിളക്കേന്തി നാടും വീടും സ്വീകരിക്കും. ഓരോ വീടുകളിലും എത്തുന്ന തെയ്യം കുടുംബത്തിന്‍റെ അനുവാദത്തോടെയാണ് ചുവടുവയ്‌ക്കുന്നത്. മുഖത്തും ദേഹത്തും ചായംതേച്ച്, കിരീടവും, ചുവന്ന ആടയാഭരണങ്ങളുമണിഞ്ഞ കർക്കടക തെയ്യങ്ങൾ മലബാറിന്‍റെ മാത്രം പ്രത്യേകതയാണ്.
തെയ്യം ആടിക്കഴിഞ്ഞാൽ വിളക്കും തളികയുമായി വീട്ടിലെ പ്രായമായ സ്‌ത്രീകള്‍ മുറ്റത്തെത്തി ‘ഗുരിശി’ തളിക്കും. പിന്നീട് ദക്ഷിണ നല്‍കും. പഞ്ഞമാസത്തിൽ തെയ്യം കലാകാരന്മാരുടെ വരുമാനം കൂടിയാണ് ഈ കർക്കടക തെയ്യങ്ങൾ.