കാസർകോട്: ജില്ലയില്‍ തിങ്കളാഴ്ച മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കൊൽക്കത്തയില്‍ നിന്നും വന്നതാണ്. കുവൈത്തില്‍ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശിനി, അബുദബിയില്‍ നിന്നെത്തിയ മുളിയാര്‍ സ്വദേശി, കൊല്‍ക്കത്തയില്‍ നിന്നെത്തിയ ബേഡഡുക്ക സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ രോഗമുക്തരായി.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കും പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് തിങ്കളാഴ്ച രോഗം ഭേദമായത്. മഹാരാഷ്ട്രയില്‍ നിന്നെത്തി 47 കാരിയായ പടന്ന സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി, എട്ട് വയസുള്ള കുമ്പള സ്വദേശി എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
വീടുകളില്‍ 3196 പേരും സ്ഥാപന കേന്ദ്രങ്ങളില്‍ 342 പേരുമുള്‍പ്പെടെ 3538 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 20 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു. 243 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി 29 പേരെയും വീടുകളില്‍ 247 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.