കാസര്‍കോട്: ജില്ലയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 151 ആയി. ഇത് വരെ ജില്ലയില്‍ 5 പേരാണ് രോഗ മുക്തി നേടി ആശുപത്രി വിട്ടത്. രോഗ ലക്ഷണങ്ങളോടെ ആശുപത്രികളിൽ ഉള്ള 254 പേരടക്കം 10801പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്.
പുതിയതായി 40 പേരെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആകെ 1811 സാമ്പിളുകളിൽ 1123 ഫലങ്ങൾ നെഗറ്റീവ് ആണ്. 532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം തുടർ പരിശോധനകളിൽ കൊവിഡ് നെഗറ്റീവ് ആയ ബേവിഞ്ച സ്വദേശിനി രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രി വിടും. ഇവർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധ ഉണ്ടായത്. സമ്പർക്കം വഴി രോഗബാധ ഉണ്ടായവരുടെ എണ്ണം മൊത്തം രോഗികളുടെ മൂന്നിലൊന്ന് ആണെങ്കിലും രോഗ സ്ഥിരീകരണം ഉണ്ടാകുന്നത് പ്രാഥമിക സമ്പർക്കം വഴി ആണെന്നത് ആശ്വാസം പകരുന്നുണ്ട്. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന് സാധ്യത ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.