കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷാനവാസ് പാദൂർ പാർട്ടി അംഗത്വം രാജിവച്ചു. നിലവിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഷാനവാസ് ചെങ്കള ഡിവിഷനിൽ ഇടത് സ്വതന്ത്രനായി ജനവിധി തേടും.
കോൺഗ്രസിന്‍റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിലും പ്രവർത്തന പാരമ്പര്യവും അർഹതയുള്ളവർക്കെതിരായ തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്ന് ഷാനവാസ് പറഞ്ഞു. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പ്രതിപക്ഷ നേതാവ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചെമ്മനാട് പഞ്ചായത്തിൽ ജനവിധി തേടാൻ തീരുമാനിച്ചിരുന്നു. ആദ്യം നിശ്ചയിച്ച വാർഡിൽ നിന്നും തന്നെ മാറ്റി മറ്റൊരിടത്ത് മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിക്കുമ്പോൾ തന്നോട് ആലോചിച്ചില്ലെന്നും ഷാനവാസ് ആരോപിച്ചു.
പിതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നാലര വർഷം മുമ്പ് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് തന്നെ നിർബന്ധിപ്പിച്ച് മത്സരിക്കുമ്പോൾ വാഗ്‌ദാനങ്ങൾ നിരവധി ആയിരുന്നുവെന്നും പിന്നീട് അതെല്ലാം ലംഘിക്കപ്പെട്ടെന്നും ഷാനവാസ് പറയുന്നു. കഴിഞ്ഞ തവണ ചെങ്കള ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർഥി 700ൽ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഇക്കുറി കോൺഗ്രസ് നിന്നും വരുന്ന ഷാനവാസ് ഇടതു സ്വതന്ത്രനായി മത്സരിക്കുമ്പോൾ എൽഡിഎഫ് നേതൃത്വം വിജയം ഉറപ്പിക്കുന്നു.