കാസർകോട്: സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ദുരിതകാലം തീരുമെന്ന പ്രതീക്ഷയില്‍ കാസർകോട്ടെ ഭെല്‍ (BHEL) ഇഎംഎല്‍ കമ്പനി ജീവനക്കാര്‍. 131 സ്ഥിരം ജീവനക്കാരും 18-ഓളം താത്കാലിക ജീവനക്കാരുമടക്കം 150 ലേറെ പേര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടര വര്‍ഷമായി പൂട്ടികിടക്കുകയായിരുന്നു.
ശമ്പള കുടിശികയും ബാധ്യതകളും എല്ലാം സഹിതം സംസ്ഥാനസർക്കാർ ഭെൽ ഏറ്റെടുത്ത് കേരള പിറവി ദിനമായ നവംബർ ഒന്നിന് വീണ്ടും പ്രവർത്തനം ആരംഭിക്കും. കമ്പനിയിൽ ആവശ്യമായ അറ്റകുറ്റപ്പണികളെല്ലാം വേഗത്തിൽ തീർക്കും. കെല്ലിന്‍റെ ഭാഗമായോ, ഉപയൂണിറ്റായോ ആണ് സ്ഥാപനം പ്രവര്‍ത്തിക്കുക.
തൊഴിലാളികളുടെ ശമ്പള കുടിശ്ശികയടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാനായി ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഇക്കാര്യത്തിൽ ഉപസമിതി തീരുമാനമെടുത്ത് റിപ്പോർട്ട് നൽകും.
സ്വാഗതം ചെയ്ത് യൂണിയനുകള്‍
കമ്പനി തുറക്കാനുള്ള തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്തു. മൊഗ്രാൽ പുത്തൂർ ബദിരടുക്കത്ത് 11.5 ഏക്കറിലാണ് ഫാക്ടറി സ്ഥാപിച്ചത്. 1990 ഓഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് സ്ഥാപനം ഉദ്‌ഘാടനം ചെയ്‌തത്. 2011 ൽ മഹാരത്‌ന കമ്പനിയായ ഭാരത്ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡുമായി (ഭെൽ) ലയിപ്പിച്ചു.
51 ശതമാനം ഓഹരി ഭെല്ലിനും 49 ശതമാനം കേരള സർക്കാരിനുമായിരുന്നു. റെയിൽവേക്കും പ്രതിരോധ വകുപ്പിനും ആവശ്യമായ ആൾട്ടർ മീറ്ററായിരുന്നു ഉൽപാദിപ്പിച്ചത്.
വില്‍ക്കാന്‍ വച്ച സ്ഥാപനം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍
നിറയെ ഓർഡർ ലഭിച്ചെങ്കിലും ഭെല്ലിന്‍റെ പൂർണ പിന്തുണയുണ്ടായില്ല. നഷ്ടത്തിലാണെന്ന് കണ്ട് വിൽക്കാൻ വെച്ച സ്ഥാപനം എൽഡിഎഫ് സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധ അറിയിച്ചു. ഓഹരി കൈമാറാൻ തടസമില്ലെന്ന് പാർലമെന്‍റിലും പുറത്തും പറഞ്ഞ കേന്ദ്ര സർക്കാർ സ്ഥാപനം കൈമാറാൻ രണ്ട് വർഷമെടുത്തു. 2019 സെപ്തംബറിൽ ഓഹരികൾ വാങ്ങാൻ കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു.
എന്നാൽ കൈമാറാമെന്നറിയിച്ചത് 2021 മെയ് 11നാണ്. സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.എം.എൽ കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും ബാധ്യതയായ 34 കോടിയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നത്.