കാസർകോട്: വിവാഹ ചടങ്ങിനിടെ വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്‌തും വധുവിന്‍റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തില്‍ വരനും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് കർണാടക പൊലീസ്. ദക്ഷിണ കന്നടയിലെ ഹിന്ദു ആരാധന മൂർത്തിയായ കൊറഗജ്ജയുടെ വേഷമാണ് വരനെ സുഹൃത്തുക്കൾ കെട്ടിച്ചതെന്നാണ് ഹൈന്ദവ സംഘടനകളുടെ പരാതി.
വിട്‌ല സാലത്തൂരിലാണ് വധുവിന്‍റെ വീട്. ഉപ്പള ബേക്കൂറിലെ വരന്‍റെ വീട്ടിൽ നിന്നും വിവാഹശേഷം രാത്രി വധുവിന്‍റെ വീട്ടിലേക്ക് പോകുന്ന ചടങ്ങിലാണ് ആഘോഷം അതിരു കടന്നത്. വരനെ കൊറഗ സമുദായത്തിന്‍റെ വേഷവിധാനങ്ങൾ ധരിപ്പിക്കുകയും തലയിൽ കവുങ്ങിന്‍റെ പാള കൊണ്ടുള്ള തൊപ്പി വച്ചും മുഖത്ത് കരി പൂശി കഴുത്തിൽ ഇലകളുടെ മാലയിട്ടുമാണ് വധുവിന്‍റെ വീട്ടിലേക്ക് എത്തിച്ചത്.
പുത്തൻ വസ്ത്രം ധരിക്കേണ്ട സ്ഥാനത്ത് കീറിയ വസ്ത്രമാണ് വരനെ സുഹൃത്തുക്കൾ അണിയിച്ചത്. ഈ സംഭവം വധുവിന്‍റെ വീട്ടിൽ വലിയ പ്രതിഷേധത്തിനിടയാക്കിയെങ്കിലും വരന്‍റെ സുഹൃത്തുക്കൾ പിന്മാറിയില്ല. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇതിനെതിരെ കേരളത്തിലെയും കർണാടകത്തിലെയും ഹൈന്ദവ സംഘടനകൾ രംഗത്തെത്തി.
ഇതേ തുടർന്ന് കർണാടക വിട്‌ല പൊലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പുകൂടി ഇവര്‍ക്കെതിരെ ചേർത്തേക്കും. വധുവിന്‍റെ വീട്ടുകാരോടും നാട്ടുകാരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വരനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും.
നേരത്തെയും ഇത്തരം അതിരുകടന്ന വിവാഹാഘോഷങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. ആന, ഒട്ടക തുടങ്ങിയ മൃഗങ്ങളും ജെസിബി അടക്കമുള്ള വാഹനങ്ങളിലും വധുവരന്മാരെ എഴുന്നള്ളിച്ച സംഭവങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കോഴിക്കോട് വധുവരന്മാരെ കാന്താരി മുളക് കുത്തിപിഴിഞ്ഞ വെള്ളം കുടിപ്പിച്ചതും ദിവസങ്ങളോളം രണ്ടുപേരും ആശുപത്രിയിൽ കിടന്നതും വാര്‍ത്തയായിരുന്നു.
Also read: 'അവഹേളിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചു' ; പോരാട്ടം തുടരുമെന്ന് ആക്രമിക്കപ്പെട്ട നടി