കാസര്‍കോട്: പൂർണമായും കൊവിഡ് മുക്തമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അണുവിമുക്തമാക്കി. ഒരു മാസം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി കാസര്‍കോട് നെല്ലിക്കുന്നിലെ ഏഴ് വയസുകാരനും വീട്ടിലേക്ക് മടങ്ങിയതോടെയാണ് ജില്ലാ ആശുപത്രി കൊവിഡ് മുക്തമായത്. അഗ്നിരക്ഷാസേനയാണ് ജില്ലാ ആശുപത്രി കെട്ടിടങ്ങളും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കിയത്. എട്ട് കുട്ടികളടക്കം കൊവിഡ് പോസിറ്റീവായ 44 പേരെയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കൊവിഡ് പോസിറ്റീവായ മെഡിക്കല്‍ വിദ്യാര്‍ഥിയെ ചികിത്സിച്ചതും ജില്ലാ ആശുപത്രിയിലായിരുന്നു.
കൊവിഡ് രണ്ടാം ഘട്ടത്തിൽ മാർച്ച് 21നാണ് ആദ്യ കൊവിഡ് ബാധിതനെ ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. മറ്റ് കൊവിഡ് ആശുപത്രികളില്‍ നിന്നും വ്യത്യസ്‌തമായി സ്‌പെഷ്യാലിറ്റി സേവനങ്ങളും ജില്ലാ ആശുപത്രിയില്‍ മുടങ്ങാതെ നല്‍കിയിരുന്നു. 210 നോര്‍മല്‍ പ്രസവങ്ങളും 53 സിസേറിയനുകളും 400 കാന്‍സര്‍ രോഗികള്‍ക്ക് കീമോ അടക്കമുള്ള ചികിത്സയും ഇവിടെ നല്‍കി. പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്നുള്ളവരും മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയിലെ പേ വാര്‍ഡ് ഐസൊലേഷന്‍ വാര്‍ഡായി തന്നെ തുടരും.