കാസർകോട് : ഉത്തര മലബാറുകാരുടെ സ്വപ്‌നമായ കാഞ്ഞങ്ങാട്-കാണിയൂര്‍ റെയിൽ പാത ഫയലിൽ കുരുങ്ങി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു. സര്‍വേ അടക്കം പൂര്‍ത്തിയാക്കിയെങ്കിലും പാതയുടെ നിര്‍മാണം അനിശ്ചിതത്വത്തിലാണ്. 2014-2015 വർഷത്തിലാണ് റെയിൽവേ വിഭാഗം കാഞ്ഞങ്ങാട്-കാണിയൂർ പാതയുടെ സർവേയ്ക്ക് അനുമതി നൽകിയത്.
റെയില്‍പാത യാഥാര്‍ഥ്യമായാല്‍ ബെംഗളൂരു യാത്രയ്ക്ക് സമയവും ചെലവും കുറയും. കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍ വഴി കാണിയൂരിലേക്കും ബെംഗളൂരുവിലേക്കുമാണ് പാത വിഭാവന ചെയ്‌തിട്ടുള്ളത്. ആറ് മണിക്കൂര്‍ കൊണ്ട് കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലെത്താനാകും. 91 കിലോമിറ്റർ പദ്ധതിയുടെ 40 കിലോമീറ്റർ കേരളത്തിലൂടെയും 51 കിലോമീറ്റർ കര്‍ണാടകയിലൂടെയുമാണ് കടന്ന് പോകുന്നത്.
എത്രയും വേഗം പാത യാഥാര്‍ഥ്യമാക്കണമെന്ന് കര്‍മസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടികൾ വേഗത്തിലാക്കിയില്ല. കേരളത്തിലെ പാതയുടെ നിര്‍മാണ ചെലവിന്‍റെ പകുതി വഹിക്കാമെന്ന് സംസ്ഥാനം സമ്മതപത്രം നല്‍കിയിരുന്നു. 1,400 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി ചെലവ് കേരള-കർണാടക സർക്കാരുകൾ വഹിക്കണമെന്നായിരുന്നു കേന്ദ്ര മാനദണ്ഡം.
അതിവേഗത്തിൽ സർവേ നടപടികൾ പൂർത്തിയായെങ്കിലും പരിസ്ഥിതി ലോല പ്രദേശമായതിനാൽ പാത സാധ്യമാവില്ലെന്നാണ് കർണാടക സ്വീകരിച്ച നിലപാട്. ഇതോടെയാണ് ഉത്തര മലബാറുകാരുടെ സ്വപ്‌ന പദ്ധതി പാതിവഴിയിലായത്. ബെംഗളൂരുവുമായി ബന്ധപ്പെടുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ യാത്രക്കാർക്ക്, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് ഈ പാത ഏറെ ഉപയോഗപ്പെടും. മൈസൂരുവിലേക്കുള്ള യാത്ര എളുപ്പമാക്കാനും ഈ പദ്ധതി സഹായകരമാകും.
തലക്കാവേരി, മൂകാംബിക, സുബ്രഹ്മണ്യം ക്ഷേത്രങ്ങളിലേക്ക് പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂർ, ശബരിമല, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന തീർഥാടകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാത സഹായകരമാകും. നിലവിൽ പാണത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകാൻ പാണത്തൂർ-സുള്ള്യ റോഡ് മാത്രമാണ് ജനങ്ങൾക്ക് ആശ്രയം.
പുതിയ പാതയ്ക്ക് മീങ്ങോത്ത്, കൊട്ടോടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ എന്നിവിടങ്ങളിലായി അഞ്ച് പുതിയ റെയിൽവേ സ്റ്റേഷനാണ് നിശ്ചയിച്ചത്. ഇതോടൊപ്പം ഇരിയ, പാണത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് തുരങ്കങ്ങളും ഉണ്ട്. പാത എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി കര്‍ണാടകയിലും നിലവില്‍ കര്‍മസമിതി രൂപീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്-കാണിയൂർ റെയിൽ പാത യാഥാർഥ്യമാക്കാൻ ശ്രമം തുടരുമെന്നാണ് കര്‍മസമിതി അറിയിച്ചത്.