കാസർകോട്: പഴയിടം മോഹനൻ നമ്പൂതിരി അടുക്കളയിൽ പാലുകാച്ചിയതോടെ കലോത്സവ നഗരിയിലെ ഭക്ഷണശാല ഉണർന്നു. പഴയിടത്തിന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്. സബർമതി എന്ന പേരിലാണ് കലോത്സവ നഗരിയിലെ ഊട്ടുപുര പ്രവർത്തിക്കുന്നത്. രാവിലെ പാലുകാച്ചലോടെ അടുക്കള സജീവമായി. പാലുകാച്ചലിനെത്തിയവർക്കെല്ലാം സ്നേഹത്തിന്റെ മധുരമായി അരവണ വിളമ്പി.
കാസർകോട്ടെ കലോത്സവമായതിനാൽ തുളുനാടിലെ ഇഷ്ടവിഭവമായ ഹോളിഗ ഉൾപ്പെടെ വിളമ്പുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഒരേ സമയം 2500 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്. 10 വിഭവങ്ങളടങ്ങുന്ന സദ്യയാണ് ഉച്ചക്ക് വിളമ്പുന്നത്. ഹോർട്ടി കോർപ്പിൽ നിന്നുള്ള ജൈവ പച്ചക്കറികളാണ് സദ്യക്ക് ഉപയോഗിക്കുന്നത്.