കാസര്‍കോട്: ശബരിമല വിഷയത്തിൽ വിശദീകരണവുമായി സി.പി.എം. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ കയറ്റണമെന്നോ വേണ്ടെന്നോ സർക്കാർ കോടതിയിൽ പറഞ്ഞില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ വിശ്വാസ സംരക്ഷണവും ശബരിമല വിധിയും എതിര്‍ മുന്നണികള്‍ പ്രചരണായുധമാക്കുമ്പോഴാണ് അതിനെ പ്രതിരോധിക്കാനുള്ള ഇടത് മുന്നണിയുടെ ശ്രമം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചു. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. കേസ് കൊടുത്തവരും നടത്തിയവരും പിണറായിയെ കുറ്റക്കാരാക്കി. ശബരിമല യുവതി പ്രവേശനത്തിന് കേസ് കൊടുത്തത് ആര്‍.എസ്.എസുകാരാണെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു. ശബരിമലയിൽ കേന്ദ്രം എന്തുകൊണ്ട് വിശ്വാസ സംരക്ഷണത്തിന് നിയമംപാസാക്കിയില്ലെന്നും അവർ നിയമം കൊണ്ടുവരാൻ പോകുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. മൗലിക തത്വങ്ങൾ അംഗീകരിച്ച് സുപ്രിം കോടതി നടത്തിയ വിധി മറികടക്കാൻ സാധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.