കാസർകോട്/എറണാകുളം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ. വിദ്യ കാസർകോട് കരിന്തളം ഗവ.കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്. 2022 - 23 കാലയളവിൽ ഗസ്റ്റ് ലക്ച്ചറായാണ് ജോലി ചെയ്‌തത്. മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ.
2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ജോലി ചെയ്‌തത്. മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ കെ.
2018 മുതൽ 2021 വരെ എറണാകുളം മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്‍റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്‌കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി.
വിദ്യക്കെതിരെ കേസെടുത്ത് പൊലീസ്: അതേസമയം കെ വിദ്യ വ്യാജരേഖ നിർമിച്ച് ഗസ്റ്റ് ലക്‌ചർ നിയമനം നേടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശിനിയായ വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി എസ്.ജോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുൻപ് ജോലി ചെയ്‌ത കാസര്‍കോട് കരിന്തളം ഗവൺമെന്‍റ് കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണമുണ്ടാകുമെന്ന് ഉറപ്പാണ്.
അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തരം പൂർത്തിയാക്കിയ കെ.വിദ്യ മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്‌ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമ്മിച്ചത്. കോളേജിന്‍റെ എംബ്ലവും, പ്രിൻസിപ്പലിന്‍റെ വ്യാജ സീലും വ്യാജമായി നിർമിച്ച് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്‌ചററായിരുന്നെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളേജിൽ ജോലി നേടിയിരുന്നു.
മലയാളം വിഭാഗത്തിൽ 2021- 22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോട് ജില്ലയിലെ സർക്കാർ കോളേജിലും ഇവർ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയിരുന്നത്. പത്ത് വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്‌ചറർ നിയമനം വേണ്ടി വന്നിട്ടില്ലന്ന് പ്രിൻസിപ്പൽ വി.എസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളേജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് ഇന്നലെ പോലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌തുത വിഷയത്തിൽ കോളേജ് അധികാരികളുടെ പങ്കും ആരോപിച്ച് നാളെ കെ എസ് യുവിന്‍റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.