കാസർകോട്: ഏപ്രില്‍ ആറ്.. തെരഞ്ഞെടുപ്പ് ദിവസം തമിഴ്‌നടൻ വിജയ് സൈക്കിളില്‍ വോട്ടു ചെയ്യാനെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമാണ്. ഇന്ധന വില വർധനവിന് എതിരായ പ്രതിഷേധമാണ് വിജയ് നടത്തിയതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലും അത് വലിയ ചർച്ചയായി. ഇപ്പോഴിതാ കോഴിക്കോട് വെള്ളിമാടുകുന്ന് പൂളക്കടവില്‍ സ്വദേശിയും കായികാധ്യാപകനുമായ അഖിലേഷ് അച്ചു നേപ്പാളിലേക്ക് സൈക്കിളില്‍ യാത്ര പോകുകയാണ്. ആഗോള വിപണിയില്‍ വില കുറയുമ്പോഴും രാജ്യത്തെ ഇന്ധനവില ഉയരുന്നതിനെതിരെയാണ് അഖിലേഷിന്‍റെ പ്രതിഷേധം.
പ്രതിഷേധം എന്നത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ദൗത്യത്തിലപ്പുറം ഓരോ പൗരന്‍റെയും കടമയാണെന്ന സന്ദേശം കൂടി പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കുകയെന്ന ലക്ഷ്യവും അഖിലേഷിന്‍റെ സൈക്കിള്‍ യാത്രക്ക് പിന്നിലുണ്ട്. പഴയൊരു സൈക്കിള്‍ സംഘടിപ്പിച്ച് പുതുക്കിപ്പണിതാണ് അഖിലേഷിന്‍റെ നേപ്പാള്‍ യാത്ര. കോഴിക്കോട് നിന്നും പുറപ്പെട്ട യാത്ര ഇപ്പോൾ കാസര്‍കോട് പിന്നിട്ടിരിക്കുകയാണ്. കാസര്‍കോട് എത്തിയപ്പോള്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് അഖിലേഷിന് സ്വീകരണം നൽകി. തലശേരി അമൃത വിദ്യാലയത്തിലെ ജോലിക്കിടയിലാണ് ഒറ്റയാള്‍ പ്രതിഷേധമെന്ന ആശയം കടന്നു വന്നതെന്ന് അഖിലേഷ് പറയുന്നു.