കാസര്‍കോട്: നഗരസഭയിൽ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ക്രമക്കേട്. അടുത്ത മാസം 17 ന് 21, 22 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു വാർഡിലും വോട്ടുള്ള 13 പേരാണ് പുതിയ വോട്ടർപട്ടികയിലുള്ളത്. വർഷങ്ങൾക്ക് മുമ്പേ മറ്റ് പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയവരും പുതിയ പട്ടികയിലുണ്ട്. ചെങ്കള, മൊഗ്രാൽപുത്തൂർ, മധൂർ, ചെമ്മനാട് പഞ്ചായത്തുകളിലായി വോട്ടുള്ള അമ്പതിലേറെ പേരും വോട്ടർപട്ടികയിലുണ്ട്. ഇതുകൂടാതെ 20 വർഷം മുമ്പ് മരിച്ചവരും വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയവരും ഈ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. നഗരസഭയിലെ പിഎടു സെക്രട്ടറിക്കാണ് വോട്ടർപട്ടികയുടെ ചുമതലയുള്ളത്.
വർഷങ്ങളായി നഗരഭരണം കൈയാളുന്ന മുസ്ലിംലീഗ് അംഗങ്ങളാണ് രണ്ട് വാർഡിനെയും പ്രതിനിധീകരിച്ചിരുന്നത്. 21-ാം വാർഡ് ഹൊന്നമൂലയിൽനിന്ന് ലീഗ് നേതാവായ കെ എം അബ്ദുൾറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടത് 44 വോട്ടുകൾക്കാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിത്വത്തിനായി സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൗൺസിലർ പദവികൾ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 22-ാം വാർഡ് തെരുവത്ത് സംവരണ മണ്ഡലത്തിലെ കെ വിശ്വനാഥനെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ അയോഗ്യനാക്കി.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനുമായി ഹിയറിങ് നടത്തിയെങ്കിലും രേഖാമൂലം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ പരിഹരിക്കാനോ നടപടിയെടുക്കാനോ ചുമതലയുള്ള പിഎടു സെക്രട്ടറി മധുസൂദനൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്. മറ്റ് പഞ്ചായത്തുകളിൽ വോട്ടുള്ളവരെ നീക്കിയാലെ പുതിയ പട്ടികയിൽ ഉൾപ്പെടുത്താവൂ. ഇത്തരം വോട്ടുകൾ പരിശോധിക്കാൻ മാർഗങ്ങളില്ലെന്നാണ് പിഎടു സെക്രട്ടറിയുടെ വാദം. മറ്റ് പഞ്ചായത്തുകളിൽ വോട്ടുള്ളവരുടെ വിവരം പിഎടു സെക്രട്ടറിക്ക് രേഖാമൂലം നൽകിയിട്ടും നഗരഭരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമം എന്നാണ് ആരോപണം.