കാസർകോട് : ഒരുകാലത്ത് നാട്ടിൻ പുറങ്ങളിൽ സജീവമായി കണ്ടിരുന്ന ജീവികളിലൊന്നാണ് കുറുക്കന്‍ (ഇന്ത്യൻ ഫോക്‌സ് - Indian Fox). എന്നാല്‍ ഇവയെ ഇപ്പോൾ കാണാറുണ്ടോ ?. ഇടയ്‌ക്കൊക്കെ കാണാറുണ്ട് എന്നാണ് ഉത്തരമെങ്കില്‍ അത് കുറുക്കനല്ല, കുറുനരിയാണ് (Jackal - ജാക്കൾ).
സംസ്ഥാനത്ത് വളരെ അപൂർവ സാന്നിധ്യമായി മാറിയിരിക്കുകയാണ് കുറുക്കന്മാർ. ഒപ്പം കുറുനരികളും വംശനാശ ഭീഷണിയിലേക്ക് നീങ്ങുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതിന്‍റെ ഫലമായി മറ്റ് ചില ജീവികൾ ജനവാസ മേഖലയില്‍ എത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. 2013ന് ശേഷം കുറുക്കനെ കണ്ടിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
കുറുക്കന് പകരം നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന കുറുനരികളുടെയും എണ്ണം കുറഞ്ഞുവരുന്നുണ്ട്. ഇതിന്‍റെയെല്ലാം ഫലമായാണ് പന്നികളുടെയും മയിലുകളുടെയും എണ്ണം ക്രമാതീതമായി കൂടുന്നത്. ജനവാസ മേഖലയില്‍ എത്തുന്ന ഇവയെല്ലാം ജനങ്ങളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. മയിലുകളുടെ മുട്ട, പന്നി കുഞ്ഞുങ്ങള്‍ എന്നിവയെല്ലാം കുറുക്കന്‍റെയും കുറുനരിയുടെയും ഭക്ഷണമാണ്. ഇവയുടെ സാന്നിധ്യം കുറഞ്ഞതോടെ പന്നികളുടെയും മയിലുകളുടെയും എണ്ണത്തിലും വര്‍ധനവുണ്ടായി.
എന്നാല്‍ കുറുക്കന്‍റെയും കുറുനരികളുടെയും വരവ് നിലച്ചതോടെയാണ് മറ്റ് ജീവികള്‍ പെരുകുന്നതെന്ന് പൂര്‍ണമായും പറയാനാകില്ല. അതിന് മറ്റ് കാരണങ്ങളും ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ആവാസ വ്യവസ്ഥ നഷ്‌ടമായതാണ് കുറുക്കന്മാർ അപ്രത്യക്ഷമാകാനുള്ള കാരണം. ചെറിയ മാംസഭോജികളായ ഇവ കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിലും ചെറു മാളങ്ങളിലുമായിരുന്നു താമസം. ഈ മൃഗങ്ങൾ ഗ്രാമങ്ങളിൽ നിന്ന് പിൻവാങ്ങാനുള്ള കാരണങ്ങളെക്കുറിച്ച് മൃഗ നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്ന നിരവധി അനുമാനങ്ങളുണ്ട്.
കീടനാശിനികളുടെ ഉപയോഗം വിളനിലങ്ങളിൽ നിന്ന് ധാരാളം ഇന്ത്യൻ കുറുക്കന്മാരെ തുടച്ചുനീക്കിയിരിക്കണം എന്നതാണ് ഏറ്റവും അംഗീകരിക്കപ്പെട്ട സിദ്ധാന്തം. ആവാസ വ്യവസ്ഥകളുടെ നഷ്‌ടം, വ്യാപകമായ ഖനനം, പുൽമേടുകളുടെയും കുറ്റിച്ചെടികളുടെയും വനങ്ങളുടെയും നാശം, വർധിച്ച് വരുന്ന നഗരവത്‌കരണം എന്നിവയെല്ലാം ഇവയെ വേട്ടയാടിയേക്കാം.
പലപ്പോഴും നമ്മൾ കുറുനരികളെ കണ്ട് കുറുക്കന്മാരാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും ഒരേ കുടുംബം ആണെങ്കിലും വ്യത്യസ്‌ത ജനുസുകൾ ആണെന്നതാണ് വാസ്‌തവം. കുറുക്കൻ വലിപ്പവും നീളവും കുറഞ്ഞ ജീവിയാണ്. കുറുനരികൾക്ക് നായയുടെ വലിപ്പം ഉണ്ടാകും. മാത്രമല്ല നീണ്ട ശരീര പ്രകൃതമാണ് കുറുനരിയുടേത്.
കുറുക്കന്‍റെ ദേഹം മുഴുവൻ മനോഹരമായ രോമാവരണം ഉണ്ടാകും. വാല്‍ നിലത്തിഴയും വിധമായിരിക്കും. അതിന് നല്ല നീളവും നിറയെ രോമങ്ങളും ഉണ്ടാകും. വാലിന്‍റെ അഗ്ര ഭാഗം കറുപ്പ് നിറമായിരിക്കും. കുറുനരികള്‍ക്ക് ശരീരത്തില്‍ കുറുക്കനേക്കാള്‍ രോമാവരണം കുറവായിരിക്കും. മാത്രമല്ല കുറുക്കന്‍റെ വാലിന്‍റെ അത്രയും നീളവും ഉണ്ടായിരിക്കില്ല.
കുറുക്കനും കുറുനരിയും കനിഡെ (Canidae) വിഭാഗത്തില്‍പ്പെട്ട സസ്‌തനികളാണ്. ഇവയുടെ ജനുസാകട്ടെ വ്യത്യസ്‌തമാണ്. കുറുക്കന്‍ വൾപസ് ( Vulpes.) ജീനസിലും കുറുനരി കനിസ് ( Canis) ജീനസിലും ഉൾപ്പെട്ടതാണ്. കേരളത്തില്‍ അധികവും കാണപ്പെടുന്നത് ശ്രീലങ്കന്‍ കുറുനരിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓരിയിടല്‍ എന്തിന് : കുറുക്കന്‍റെ ഓരിയിടല്‍ കേട്ട് ചിലരെങ്കിലും എന്തിനാണതെന്ന് ചിന്തിച്ചിട്ടുണ്ടാകും. പഴമക്കാര്‍ പറയും വയറുനിറയുമ്പോഴാണ് ഓരിയിടുന്നതെന്ന്. എന്നാല്‍ സത്യം അതൊന്നുമല്ല. കുറുക്കന്മാര്‍ അപൂര്‍വമായേ ഓരിയിടാറുള്ളൂ. കുറുനരികളാണ് കൂട്ടമായി ഓരിയിടുക. കുറുക്കന്‍ മിക്കപ്പോഴും ചെറിയ ശബ്‌ദം മാത്രമാണ് ഉണ്ടാക്കുന്നത്. ചെറുതും വലുതുമായ ഇവയുടെ ശബ്‌ദ വ്യതിയാനങ്ങള്‍ ആശയ വിനിമയം നടത്താന്‍ വേണ്ടിയാണെന്ന് ഗവേഷകര്‍ പറയുന്നു. അപായ സൂചനകള്‍ കൈമാറാനും ഭക്ഷണത്തെ കുറിച്ച് വിവരം നല്‍കുന്നതിനും ശത്രുക്കളെ ഭയപ്പെടുത്തുന്നതിനുമായാണ് ഇത്തരം ശബ്‌ദങ്ങള്‍ ഉണ്ടാക്കുന്നത്.