കാസര്‍കോട് : തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കുന്നതിൽ ഇടതുപക്ഷത്തിന് പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ ഹിത പരിശോധനയല്ല തെരഞ്ഞെടുപ്പ്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലായിരുന്നു കേരളത്തിൽ ബി ജെ പി നേതാക്കളുടെ അറസ്റ്റ് നടന്നത്. എന്നാൽ ശബരിമല വിഷയം ചർച്ചയാക്കുന്നതിനായി ആർ.എസ്.എസ് പ്രചാരകനപ്പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇടതുപക്ഷത്തിന് കേരളത്തില്‍ മേല്‍ക്കൈ ഉണ്ടെന്ന് കണ്ടാണ് രാഹുല്‍ ഇടതുപക്ഷത്തെ പുകഴ്ത്തുന്നതെന്നും രാഹുലിന്‍റെ ഇന്നലത്തെ പ്രസംഗങ്ങളില്‍ കണ്ടത് ഇരട്ടത്താപ്പാണ്. രാഹുല്‍ കേരളത്തിൽ വന്ന് മത്സരിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ആർ എസ് എസാണെന്നും കോടിയേരി പ്രതികരിച്ചു.
സ്ത്രീകൾക്കെതിരായ പരാമർശം ആര് നടത്തിയാലും സിപിഎം അംഗീകരിക്കില്ല. രമ്യ ഹരിദാസിനെതിരായ പരാമർശത്തിൽ എ വിജയരാഘവൻ നേരത്തെ ഖേദപ്രകടനം നടത്തിയതാണ്. സംഭവത്തില്‍ രമ്യ കേസിനു പോയ സാഹചര്യത്തില്‍ കോടതി വേണ്ടത് തീരുമാനിക്കട്ടെയെന്നും വിജയരാഘവന് അപ്രതീക്ഷിത നാക്കു പിഴവ് സംഭവിച്ചതാണെന്നും കോടിയേരി പറഞ്ഞു.