കാസർകോട് : സ്വന്തമായൊരു വീടിനായി നിറക്കണ്ണുകളോടെ ഓഫീസുകൾ കയറിയിറങ്ങിയ എൻഡോസൾഫാൻ ദുരിതബാധിതരുടെ മുഖത്ത് ഇപ്പോൾ നിറഞ്ഞ പുഞ്ചിരിയാണ് കാണാൻ കഴിയുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് അടച്ചുറപ്പുള്ള വീട് ലഭിച്ചു (Home For Endosulfan Sufferers).
സായി ട്രസ്റ്റ് നിർമിച്ച വീടുകളാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈമാറിയത്. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ദുരിതബാധിതർക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട് ലഭിച്ചത്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എൻമകജെ (Enmakaje ) പഞ്ചായത്തിൽ പണിതീർത്ത 36 വീടുകളുടെ താക്കോലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയത്.
അഞ്ചുകോടി രൂപ ചെലവിട്ടാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഭാഗികമായി പൂർത്തിയായ വീടുകൾ കാടുപിടിച്ചു വാസയോഗ്യമല്ലാതെ കിടന്നിരുന്നു. ഇതിനിടയിൽ രണ്ടു മാസം മുമ്പ് ഹൈക്കോടതിയുടെ അന്ത്യശാസനമെത്തിയതിനാൽ ഇവിടെ വെള്ളവും വൈദ്യുതിയും റോഡും ഉൾപ്പടെയുള്ള അനുബന്ധ സൗകര്യങ്ങളെല്ലാം അതിവേഗത്തിൽ ജില്ലാ ഭരണകൂടം ഒരുക്കി, കാടുപിടിച്ചിരുന്ന വീടുകൾ അങ്ങനെ വാസയോഗ്യമായി മാറ്റി.
2017ൽ ആണ് വീടുകളുടെ നിർമാണം ഏതാണ്ട് പൂർത്തിയായത്. എന്നാൽ വെള്ളവും വൈദ്യുതിയും കിട്ടാൻ വൈകിയതോടെ വീടുകൾ കാടുപിടിച്ച് കിടന്നു. വാതിലുകളും ജനാലയും അടക്കം നശിച്ചുപോയ നിലയിലായി. വീട് ലഭിക്കാൻ പട്ടികയിൽ ഉള്ളവർ വലിയ തുക വാടക കൊടുത്ത് ക്വാട്ടേർസുകളിൽ താമസിക്കേണ്ട അവസ്ഥയിൽ ആയിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹരമായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും ഭിന്നശേഷിക്കാരുടെയും സമ്പൂര്‍ണ വികസനത്തിനായുള്ള ഐ ലീഡ് പദ്ധതിയുമായി ജില്ല ഭരണ സംവിധാനം ജില്ല സാമൂഹികനീതി ഓഫിസുമായി സഹകരിച്ചാണ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കഴിവുള്ളവരും വൈദഗ്ധ്യമുള്ളവരുമായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെയും ഭിന്നശേഷിക്കാരുടെയും വികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇവര്‍ക്ക് ഉപജീവന സഹായവും സമഗ്ര വികസനവും നല്‍കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.