കാസര്‍കോട്: സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറു പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്ക് (27), കാസര്‍കോട് ബദരിയ നഗര്‍ സ്വദേശി ഷഹീര്‍ എന്ന ഷഹീര്‍ റസീം (34), വയനാട് പെരിക്കല്ലൂര്‍ സ്വദേശി സുജിത് (26) വയനാട് കായകുന്ന് സ്വദേശി ജോബിഷ് ജോസഫ് (23), തൃശൂര്‍ താഴൂര്‍ സ്വദേശി എഡ്വിന്‍ തോമസ് (24), എറണാകുളം കറുകുറ്റി സ്വദേശി ആന്‍റണി ലൂസ് എന്ന ആന്‍റപ്പന്‍ (28) എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുപ്പിച്ചത്.
പ്രതികള്‍ക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ക്കു സൗകര്യമൊരുക്കിയ മൂന്നു പേരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 22നായിരുന്നു കേസിനാസ്‌പദമായ സംഭവം.
പഴയ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്ന കര്‍ണാടക ബെല്‍ഗാം സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജംഷീറിനെ കര്‍ണാടകയില്‍ നിന്നു കണ്ണൂരിലേക്കു വരുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് വച്ച് മറ്റ് വാഹനങ്ങളിലെത്തിയ സംഘം തടയുകയും തട്ടിക്കൊണ്ടുപോയി ഇയാളുടെ കൈയിലുണ്ടായിരുന്ന 65 ലക്ഷം രൂപ കൊള്ളയടിക്കുകയുമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞാണ് രാഹുല്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു പ്രതികളെ അറസ്റ്റു ചെയ്‌ത പൊലീസ് 32 ലക്ഷം രൂപയും പ്രതികള്‍ സഞ്ചരിച്ച മൂന്നു വാഹനവും കണ്ടെടുത്തിയിരുന്നു.
Also read: പേരോട് ഇരട്ടക്കൊലപാതകം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു