കാസര്‍കോട്: മഴ കനക്കുന്നതോടെ കാസര്‍കോട് കറന്തക്കാട് വിത്തുല്‍പാദന കേന്ദ്രം ചെളിവെള്ളത്തില്‍ മുങ്ങും. ദേശീയപാതയില്‍ ഓടകളില്ലാത്തതാണ് പ്രധാന കാരണം. കല്ലും മണ്ണുമടക്കം കുത്തിയൊലിച്ചെത്തുന്ന ചെളിവെള്ളം നെല്‍പ്പാടത്തേക്കാണ് നേരെ ഒഴുകിയെത്തുന്നത്.
തുടര്‍ച്ചയായ പത്ത് മിനിറ്റ് മഴ പെയ്‌താല്‍ വിത്തുല്‍പാദന കേന്ദ്രത്തിലേക്കുള്ള വഴി തോടിന് സമാനമാകും. കൊയ്‌ത്ത് കഴിഞ്ഞ സമയമായതിനാല്‍ വെള്ളംകയറി കറ്റകളെല്ലാം നശിച്ചു. ഓയിലും മറ്റും കലര്‍ന്നെത്തുന്ന വെള്ളമൊഴുകി പാടത്തെ വിളനാശത്തിനും കാരണമാകുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായെന്നും ആക്ഷേപമുണ്ട്. വിത്തുല്‍പാദന കേന്ദ്രത്തിന്‍റെ ഇരുവശങ്ങളിലൂടെ ഓടകൾ നിർമിക്കാൻ അധികൃതർ തയ്യാറാവാത്തതാണ് ദുരിതത്തിന് കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.