കാസർകോട്: കാലത്തിന് മായ്ക്കാനാകാത്ത ബാല്യത്തിന്‍റെ ഓര്‍മകളെ അവന്‍ പലകുറി വിളക്കി നോക്കിയിട്ടുണ്ട്. പക്ഷെ ഓർമയില്‍ എവിടെയോ അത് മാഞ്ഞ് പോയിരിക്കുന്നു... ചിലത് അങ്ങനെയാണ് കെട്ടുകഥകളേക്കാള്‍ മായികമായിരിക്കും യാഥാര്‍ത്ഥ്യം... 2005 നവംബറിലെ ആദ്യ ആഴ്ചയിലെന്നോ ഒരു മഴയത്ത് ഷജീറിന്‍റെ കയ്യും പിടിച്ച് പാലാട്ട് വീട്ടിന്‍റെ മുറ്റത്തെത്തിയ ഹാഷിമിന് ഉമ്മയും ഉപ്പയുമില്ലാത്തതിന്‍റെ വേദനയല്ല... മറിച്ച് പെറ്റമ്മയെ കാണാനുള്ള മോഹമാണ്..
‘അനാഥ ബാലനാണ്, ഇവനെ അനാഥാലയത്തിൽ എത്തിക്കണം’ ഇതായിരുന്നു ഏഴുവയസുകാരന്‍റെ കയ്യിലുള്ള തുണ്ടു കടലാസില്‍ ആരോ എഴുതികൊടുത്തത്. ഹാഷിമിന്റെ ജീവിതം മാറിമാറിഞ്ഞത് അവിടെ നിന്നാണ്. വർഷങ്ങൾക്ക് മുൻപ് ഏതോ നാട്ടില്‍ എന്നോ നടന്ന ഒരു കലാപത്തിനിടെ, ഉമ്മയുടെ കൈവിട്ട ഹാഷിം ഒറ്റപ്പെട്ടു.
ഉമ്മയെ നഷ്ടപ്പെടുത്തിയ കലാപം: തെന്നിത്തെറിച്ച് അവന്‍ ഏതോ നാട്ടിലെത്തി. എവിടെ നിന്നോ ട്രെയിൻ കയറി 2005 ൽ ഏഴാമത്തെ വയസിൽ കാഞ്ഞങ്ങാട് എത്തി. കുട്ടിയുടെ സങ്കടം കണ്ടാവണം വഴിയിൽ കണ്ട ആരോ മലയാളത്തിൽ ഒരു കുറിപ്പെഴുതി പാണത്തൂരിലേക്കുള്ള ബസ് കയറ്റി വിട്ടു. കണ്ടക്ടർ കുട്ടിയെ മൂന്നാം മൈലിൽ ഇറക്കി. ബസ് സ്റ്റോപ്പിന് അടുത്തുള്ള കടയ്ക്ക് മുന്നിൽ ഒരു തുണ്ട് കടലാസുമായി നിൽക്കുന്ന കുട്ടിയുടെ മുന്നിലൂടെ പലരും കടന്നു പോയി. ചിലരവനെ ആശ്ചര്യത്തോടെയും ചിലര്‍ നിസ്സഹായതയോടേയും നോക്കി.
ഒടുവിലൊരു 15 വയസുകാരൻ ഷജീർ ഹാഷിമിന് മുന്നില്‍ പ്രതീക്ഷയുടെ കൈനീട്ടി, അവനാ കൈപിടിച്ചു... ഷജീർ ഹാഷിമിന്‍റെ കയ്യിലെ തുണ്ട് കടലാസ് തുറന്നു നോക്കി. അങ്ങനെ കോരിചൊരിയുന്ന മഴയത്ത് 7 വയസുള്ള ഉത്തരേന്ത്യൻ ബാലന്‍റെ കയ്യും പിടിച്ച് ഷജീർ തന്റെ പാലാട്ട് വീട്ടിലെത്തി. അന്നത്തെ ഏഴ് വയസുകാരന്‍ ടിഇ ഹാഷിമിന് ഇന്ന് 23 വയസായി. മൂന്നാം മൈലിലെ ഷജീറിന്റെ വീട് അവന്‍റെ സ്വന്തം വീടായി. ഷജീറിന്‍റെ ഉപ്പയും ഉമ്മയും ഹാഷിമിന്റേയുമായി.
Also Read: അച്ഛൻ വിഷമദ്യ ദുരന്തത്തിൽ മരിച്ചു, അമ്മ ഉപേക്ഷിച്ചു; അനാഥരായി മൂന്ന് ബാല്യങ്ങൾ
അമ്പലവും പള്ളിയും ഉള്ള ഒരു സ്ഥലത്താണ് തന്റെ വീടെന്ന് നേരിയ ഓർമയുണ്ട്. സാരിയിൽ കൈവേല ചെയ്യുന്നവർ കൂടുതലായി താമസിക്കുന്നതാണ് സ്വന്തം ഗ്രാമം. മർജീന എന്നാണ് ഉമ്മയുടെ പേര്. ജാസിൻ മുഹമ്മദ് എന്നാണ് പിതാവിന്റെ പേര്. ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്നും ഹാഷിം പറയുന്നു. ഹമീദ, ഹുദ എന്നിങ്ങനെയാണ് സഹോദരിമാരുടെ പേര്. നാടിനെയും വീടിനേയും കുടുംബത്തേയും കുറിച്ച് ഇത് മാത്രമാണ് ഓർമ.
ഒളിച്ചോടിയിട്ടും തിരികെയത്തിച്ച കരുതല്‍: പാറപ്പള്ളി യത്തീംഖാനയിൽ ഹാഷിം പത്താം ക്ലാസ് വരെ പഠിച്ചു. ഇതിനിടെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മയെ കാണണമെന്ന് ആഗ്രഹത്തോടെ നാടു വിട്ടു. വീട്ടിലേക്കോ തിരിച്ചു കേരളത്തിലേക്കോ വഴിയറിയാതെ ഹാഷിം മംഗളൂരുവിൽ കുടുങ്ങി. യത്തീംഖാന അധികൃതരും ഷജീറിന്റെ ഉപ്പ അബ്ദുൽ കരീമുമെല്ലാം ചേർന്ന് വീണ്ടും കണ്ടെത്തി തിരിച്ചെത്തിച്ചു.
ഇതിനിടെ അബ്ദുൽ കരീമിന്റെ ഭാര്യ സഹോദരൻ മുഹമ്മദ് കുഞ്ഞി ഹാഷിമിനെ ഗൾഫിലേക്ക് കൊണ്ടു പോയി. തന്റെ കമ്പനിയിൽ തന്നെ ജോലിയും നൽകി. ഉമ്മയെ കണ്ടെത്തണമെന്ന മോഹത്തോടെ, ഇപ്പോൾ നാട്ടിൽ അവധിയിൽ വന്നിരിക്കുകയാണ് ഹാഷിം. പരിമിതമായ ഓർമയിൽ നിന്നു നാട് കണ്ടെത്താൻ കഴിയുമോയെന്ന് അറിയില്ലെങ്കിലും ഹാഷിം പ്രതീക്ഷയിലാണ്.