കാസർകോട്: ജില്ലയിലെ നീര്‍ച്ചാലുകള്‍ക്ക് പുതുജീവനേകി ഹരിത കേരള മിഷന്‍. ഇനി ഞാനൊഴുകട്ടെ പദ്ധതിയിലാണ് നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി ആദ്യ ഘട്ട പദ്ധതികള്‍ക്ക് തുടക്കമായി. ചെമ്മനാട് പഞ്ചായത്തിലെ നൂമ്പില്‍ പുഴയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിച്ചു. ചട്ടഞ്ചാലില്‍ നിന്ന് ആരംഭിച്ച് മാക്കോട് വച്ച് മറ്റൊരു തോടുമായി ചേര്‍ന്ന് നൂമ്പില്‍ പുഴയായി മാറി അറബിക്കടലില്‍ ചേരുന്ന കൈവഴിയാണിത്. പലരും കൈതോടുകളിലും മറ്റും തള്ളുന്ന മാലിന്യങ്ങള്‍ ഈ പുഴയില്‍ അടിഞ്ഞുകൂടി ഒഴുക്ക് തന്നെ തടസപ്പെട്ടിരിക്കുകയാണ്. നാട്ടുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിവിധ ക്ലബുകള്‍, സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വന്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവൃത്തികള്‍ നടന്നത്.
വേനല്‍കാലത്ത് തോടുകളിലും മറ്റും വെള്ളം വറ്റിയ ശേഷം സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ബാക്കിയുള്ള സ്ഥലങ്ങള്‍ കൂടി ശുചീകരിക്കും. ഈ പ്രദേശത്തുകാരുടെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് നൂമ്പില്‍ പുഴ. നൂമ്പില്‍ പുഴയിലും പരിസരത്തും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും ചെമ്മനാട് പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഹരിത കേരള മിഷന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരില്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ജില്ലയിലെ 33 നീര്‍ച്ചാലുകളാണ് ആദ്യഘട്ടത്തില്‍ ശുചീകരിക്കുക.