കാസര്‍കോട്: കൊവിഡിനെ അതിജീവിച്ച് ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്ന കേരളത്തിന് കരുത്തായി ഗ്രാമങ്ങളിലെ കർഷക കൂട്ടായ്മകൾ. തരിശിട്ട ഭൂമികളിൽ നൂറ് മേനി വിളയിക്കാൻ സമൂഹമാകെ കൈ കോർക്കുകയാണ്. കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിൽ കാട് മൂടിക്കിടന്ന മൂന്ന് ഏക്കറിലാണ് വിവിധ കൂട്ടായ്മകൾ ചേർന്നുള്ള കൃഷി. കാർഷിക സംസ്കൃതി വീണ്ടെടുക്കാനും ഭക്ഷ്യ സ്വയം പര്യാപ്തത നേടാനും തങ്ങൾ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഒരു നാട് മുഴുവൻ പാടത്തേക്ക് ഇറങ്ങുന്നത്.
വർഷങ്ങളായി തരിശിട്ട പാടത്ത് അജാനൂർ കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകളായ ജയ, ഉമ എന്നിവയുടെ നേതൃത്വത്തിൽ സിപിഎം ചാമുണ്ഡിക്കുന്ന് ബ്രാഞ്ച്, ശില്‍പി കലാകായിക കേന്ദ്രം ചാമുണ്ഡിക്കുന്ന് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി. ചാമുണ്ഡിക്കുന്ന് റെയിൽവെ ലൈനിന് സമീപമുള്ള കൊളവയൽ പാടശേഖരത്തിലെ മല്ലികമാട് പാടത്തിലെ മൂന്ന് ഏക്കറിൽ ഇനി ഇവരുടെ അധ്വാന മികവിൽ പൊൻകതിർ വിളയും. സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. ഉമ നെൽവിത്തിന്‍റെ ഞാറാണ് ഇവർ മൂന്ന് ഏക്കർ പാടത്തെ കൃഷിക്കായി ഉപയോഗിക്കുന്നത്.