കാസർകോട്: മംഗളൂരുവിൽ നിന്നും വരുന്ന പഴം പച്ചക്കറി വാഹനങ്ങളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. പുതിയ തീരുമാനപ്രകാരം കേരളത്തില്‍ നിന്നുള്ള വാഹനങ്ങളിൽ മാത്രമേ പച്ചക്കറികൾ എത്തിക്കാൻ സാധിക്കൂ. കാസർകോട് ചെർക്കളയിലെ പച്ചക്കറി വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സമ്പർക്ക ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
മംഗളൂരുവിലേക്ക് പഴം, പച്ചക്കറികൾ എടുക്കാൻ പോകുന്ന വാഹനങ്ങളിലെ ഡ്രൈവറടക്കമുള്ളവർ ആഴ്ചയിലൊരിക്കൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധനക്ക് വിധേയരാകണം. കൊവിഡ് ലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റുമായി വാഹന പാസിന് അപേക്ഷ നൽകാനാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് വ്യാപാരികളുമായും വാഹന ഉടമ പ്രതിനിധികളുമായും ചർച്ച നടത്തി. മംഗളൂരുവിൽ നിന്നുള്ള പച്ചക്കറി വാഹനങ്ങളെ അതിർത്തിയിൽ തടയും. ജില്ലയിൽ നിന്നു മാത്രം നൂറിലേറെ പച്ചക്കറി വാഹനങ്ങൾ അതിർത്തി കടന്നു പോകുന്നുണ്ട്. പുതിയ നിയന്ത്രണം മറ്റു ജില്ലകളിലെ വാഹനങ്ങൾക്കും ബാധകമാകും.