കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകളിലാണ് മുന്നണികളുടെ കണ്ണ്. എന്‍.ഡി.എയും യു.ഡി.എഫും ശബരിമല വിഷയം പ്രചാരണായുധമാക്കുകയാണ്. എന്നാല്‍ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കുടുംബയോഗങ്ങളില്‍ വിശദീകരണം നല്‍കിയാണ് എല്‍.ഡി.എഫ് ഈ ശ്രമങ്ങളെ പ്രതിരോധിക്കുന്നത്. വികസനമടക്കം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നും മാറിയാണ് മഞ്ചേശ്വരത്തെ പ്രചാരണമെന്നതും ശ്രദ്ധേയമാണ്.
വിശ്വാസിയായ കമ്മ്യൂണിസ്റ്റ് ആണെന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ശങ്കര്‍ റൈയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മണ്ഡലത്തില്‍ ശബരിമല യുവതി പ്രവേശന വിഷയം ചൂടുപിടിക്കുന്നത്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോള്‍ ശബരിമലയും വിശ്വാസ സംരക്ഷണവും എന്ന തലത്തിലേക്ക് പ്രചാരണ മാറിയെന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തില്‍ എത്തുന്ന യു.ഡി.എഫ്, എന്‍.ഡി.എ. നേതാക്കളെല്ലാം പ്രധാനമായും ഊന്നല്‍ നല്‍കുന്നതും ശബരിമല വിഷയം തന്നെയാണ്. കഴിഞ്ഞ തവണ 89 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം വിശ്വാസി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയില്‍ പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍.ഡി.എ. നേതൃത്വം.
മണ്ഡലത്തിലെത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് ഇരുമുന്നണികളുടെയും പ്രചാരണത്തിന് മറുപടി നല്‍കി രംഗത്തെത്തിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വിശ്വാസികള്‍ക്കൊപ്പം മാത്രമാണ് സര്‍ക്കാര്‍ നില കൊള്ളുന്നതെന്നുമാണ് അദ്ദേഹം കുടുംബയോഗങ്ങളില്‍ വിശദീകരിച്ചത്. മണ്ഡലത്തിലെ വികസന വിഷയങ്ങളും എല്‍.ഡി.എഫ്. പ്രചരണായുധമാക്കുന്നുണ്ട്.