കാസർകോട്: നീലേശ്വരത്ത് പുരാതന കാലത്ത് കോട്ടയുണ്ടായിരുന്നുവെന്നതിന് തെളിവുകളുമായി ഫ്രഞ്ച് ഗ്രന്ഥം. 1771ൽ പ്രസിദ്ധീകരിച്ച ആൻക്വിറ്റിൽ ഡുപേറൻ എഴുതിയ സെൻത് അവസ്ഥയെന്ന ഫ്രഞ്ച് പുസ്തകത്തിലാണ് നീലേശ്വരത്ത് അതിവിപുലവും പ്രൗഢവുമായ കോട്ട കൊത്തളങ്ങളുണ്ടായിരുന്നുവെന്ന് പരാമർശിച്ചിട്ടുള്ളത്. നീലേശ്വരത്തിന്‍റെ ചരിത്ര ഗ്രന്ഥ നിർമിതിയുടെ ഭാഗമായി നടത്തിയ പഠനത്തിനിടെയാണ് കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആന്‍ഡ് സയൻസ് കോളജ് ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ നന്ദകുമാർ കോറോത്ത് ഇത് കണ്ടെത്തിയത്.
സെൻത് അവസ്ഥയെന്ന ഫ്രഞ്ച് പുസ്തകത്തിന്‍റെ ആദ്യ യൂറോപ്യൻ പരിഭാഷയിൽ പതിമൂന്ന് പേജുകളിലാണ് നീലേശ്വരം കോട്ടയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. സൊറാസ്‌ട്രിയന്‍ മതവുമായും പേർഷ്യൻ സംസ്കാരവുമായും ബന്ധപ്പെട്ട സെൻത് അവസ്ഥയിൽ നീലേശ്വരത്തിനെക്കുറിച്ച് പറയാൻ 13 പേജുകൾ നീക്കി വച്ചത് നീലേശ്വരത്തിന് ഉണ്ടായിരുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. നെതർലന്‍റിലെ ദേശീയ ലൈബ്രറിയിൽ സൂക്ഷിക്കുന്ന പുസ്തകം 2013ൽ ഗൂഗിൾ ബുക്സ് ഡിജിറ്റലൈസ് ചെയ്ത ശേഷമാണ് സ്വദേശികളായ ചരിത്രാന്വേഷകർക്ക് പോലും ഈ അറിവുകൾ ലഭിക്കുന്നത്.
കാനറ, മലബാർ എന്നീ പ്രദേശങ്ങളെ നൂറ്റാണ്ടുകൾക്ക് മുമ്പ് വേർതിരിച്ചിരുന്നത് നീലേശ്വരം കോട്ടയാണെന്ന് ഗ്രന്ഥത്തില്‍ പറയുന്നു. 1757 ഡിസംബർ മൂന്നിനാണ് ആൻക്വിറ്റിൽ ഡുപേറൻ നീലേശ്വരം സന്ദർശിക്കുന്നത്. കാനറീസിൽ നിന്ന് 1752 ജനുവരി 23നാണ് ഫ്രഞ്ച് സൈന്യം ഈ കോട്ട പിടിച്ചടക്കിയത്. മട്ടലായി കോട്ട പിടിച്ചാൽ നീലേശ്വരത്തിന്‍റെ അധികാരികളാകാമെന്ന ചിന്തയില്‍ നിന്നാണ് ശക്തമായ ഏറ്റുമുട്ടലിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും മട്ടലായി കോട്ട പിടിച്ചടക്കിയതെങ്കിലും 1756 ജൂൺ 22ന് നീലേശ്വരത്തെ മൂന്നാംകൂർ രാജാവിന്‍റെ അനന്തരവൻ അടിയോടി ഫ്രഞ്ചുസേനയെ പരാജയപ്പെടുത്തിയെന്നുള്ള ചരിത്രമാണ് ഇന്നത്തെ തലമുറക്ക് മുമ്പിലേക്ക് പുസ്തകത്തിലൂടെ എത്തുന്നത്. അന്ന് ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിന്‍റെ പീരങ്കി അടിയോടി ഗ്രന്ഥകർത്താവിന് കൈമാറിയതായും ഗ്രന്ഥത്തിൽ സൂചനയുണ്ട്.
നീലേശ്വരത്തെ പ്രധാന കോട്ടക്ക് ചുറ്റിലുമായി 15 കോട്ടകൾ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു. തുരുത്തി കഴിഞ്ഞ് കൊണ്ടിക്കടവിൽ ഇറങ്ങി നീലേശ്വരം നഗരത്തിൽ പ്രവേശിച്ചപ്പോൾ കണ്ടത് പട്ടാളക്കാരുടെ കോട്ടയും കുറച്ച് വെള്ളക്കാരായ പരിശീലകരെയും ആയിരുന്നുവെന്നും അരയിക്കരയിലും മടിക്കൈയിലും നീലേശ്വരം ഒന്നാംകൂർ രാജാവിന്‍റെ കോട്ടകളുണ്ടായിരുന്നുവെന്നും സെൻത് അവസ്ഥയെന്ന ചരിത്ര ഗ്രന്ഥം പറയുന്നു. മലബാറിന്‍റെ പ്രാചീന അതിർത്തിയെ കുറിച്ചും തുറുമുഖ നഗരങ്ങളെക്കുറിച്ചും നീലേശ്വരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം പുതിയ അറിവുകൾ നൽകുന്നവയാണ് ആൻക്വിറ്റിൽ ഡുപേറന്‍റെ ഗ്രന്ഥം. വാണിജ്യ ഭൂപടത്തിലും സമ്പത്തിലും നീലേശ്വരത്തിനുള്ള പ്രാധാന്യമാണ് കോട്ട സമുച്ചയങ്ങൾ സൂചിപ്പിക്കുന്നത്.