കാസര്‍കോട്: കൊവിഡ് നാളുകളില്‍ സംസ്ഥാനത്തെ റേഷന്‍ ഉപയോഗത്തില്‍ വന്‍ വര്‍ധന. 98 ശതമാനം കാര്‍ഡുടമകളും ഇതിനോടകം ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി. സാധാരണ ഒരു മാസം ശരാശരി 94 ശതമാനം വരെ കുടുംബങ്ങള്‍ മാത്രമേ റേഷന്‍ കടകളില്‍ എത്താറുള്ളൂ. സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ റേഷന്‍ വിതരണം ജനങ്ങള്‍ക്ക് ആശ്വാസമായെന്നതിന്‍റെ തെളിവാണ് റേഷന്‍ കടകളില്‍ നിന്നുള്ള സ്ഥിതി വിവരണ കണക്കുകള്‍.
സംസ്ഥാനത്ത് ആകെയുള്ള 14,328 റേഷന്‍ കടകളിലേക്കായി ക്ഷാമമില്ലാതെ സ്റ്റോക്ക് എത്തിച്ചു. മഞ്ഞ, പിങ്ക് കാര്‍ഡുകളുള്ള മുന്‍ഗണനാ വിഭാഗങ്ങള്‍ അടക്കം സംസ്ഥാനത്തെ 87, 28,831 റേഷന്‍ കാര്‍ഡുടമകളില്‍ 84, 85,587 കുടുംബങ്ങളും സൗജന്യമായി ലഭിച്ച ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങി. കഴിഞ്ഞ പ്രളയകാലത്ത് നടത്തിയ സൗജന്യ റേഷന്‍ വിതരണത്തെക്കാളും ഉയര്‍ന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. പ്രളയസമയത്ത് 94 ശതമാനം ആളുകള്‍ റേഷന്‍ കടകളെ സമീപിച്ചപ്പോള്‍ നിലവിലെ കണക്കുകള്‍ പ്രകാരം നാല് ശതമാനം വര്‍ധിച്ചു. ഏപ്രില്‍ 30 വരെ സമയമുള്ളതിനാല്‍ കണക്കുകളില്‍ ഇനിയും മാറ്റം വരും. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നും ആവശ്യത്തിന് റേഷന്‍ സാധനങ്ങള്‍ എത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ കല്യാണ്‍ യോജന പദ്ധതി പ്രകാരം ആളൊന്നിന് അഞ്ച് കിലോ വീതമുള്ള സൗജന്യ അരിയുടെ വിതരണവും ഒരാഴ്‌ച കൊണ്ട് 80 ശതമാനം പിന്നിട്ടു. 5,92,483 എ.എവൈ കാര്‍ഡുടമകള്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 526827 കാര്‍ഡുടമകളും കേന്ദ്ര വിഹിതം കൈപ്പറ്റി. 31,51,308 ബിപിഎല്‍ കാര്‍ഡുടമകളില്‍ 24,35,995 കുടുംബങ്ങളും കല്യാണ്‍ യോജന പ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങി. കൊവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് വരുമാന നഷ്ടമുണ്ടായ നല്ലൊരു വിഭാഗം ആളുകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ ആശ്വാസമായിട്ടുണ്ട്. ഒപ്പം മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യോല്‍പന്നങ്ങളാണ് ഇത്തവണ ലഭിച്ചതെന്ന് റേഷന്‍ ഡീലര്‍മാരും പറയുന്നു.