കാസർകോട്: ഭക്ഷ്യവിഷബാധയെ തുടന്ന് 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഭക്ഷണം വാങ്ങിയ ഹോട്ടലിലേക്ക് ഡിവൈഎഫ്ഐ, ബിജെപി, എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി. എഐവൈഎഫ്, ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ഹോട്ടലിന് മുന്‍പില്‍വച്ച് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്.
ബിജെപി വനിത പ്രവർത്തകർ ഹോട്ടലിന് മുന്‍പില്‍ നിന്നാണ് പ്രതിഷേധിച്ചത്. മൂന്ന് സംഘടനകളുടെ പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഹോട്ടലിനു മുന്‍പില്‍ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ, ഉടമ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. ഹോട്ടൽ ഉടമയും രണ്ട് പാചകക്കാരുമാണ് കസ്റ്റഡിയിൽ ഉള്ളത്.
കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ കാസർകോട് തലക്കലയില്‍ അഞ്ജുശ്രീ പാർവതി(19) ഇന്ന് രാവിലെയാണ് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു. ക്രിസ്‌മസ് - പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ, ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് ഓൺലൈനായാണ് കുഴിമന്തി വാങ്ങിയത്. വീട്ടിൽവച്ച് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. മേൽപ്പറമ്പ് പൊലീസിന് കുടുംബം നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.