കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുണ്ടായിരുന്ന 51 പേരിൽ 22 പേർ ആശുപത്രി വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, കണ്ണൂർ ഗവ.മെഡിക്കൽ കോളജിലുമായി ചികിത്സയിലുണ്ടായിരുന്നവരാണ് ആശുപത്രി വിട്ടത്. ഇവർക്ക് വീടുകളിൽ ആരോഗ്യപ്രവർത്തകർ പ്രത്യേക നിരീക്ഷണമൊരുക്കും.
ജില്ലയിൽ ഷിഗെല്ല വ്യാപനം ഉണ്ടായിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്‍റെ നിഗമനവും ആശ്വാസം നൽകുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. എന്നാൽ ജാഗ്രത നടപടികളുടെ ഭാഗമായുള്ള ആരോഗ്യ ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ പരിശോധനകൾ ജില്ലയിൽ ഇന്നും തുടരും.
അതേ സമയം ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ സംബന്ധിച്ച അന്തിമ പരിശോധനഫലം ഇന്ന് പുറത്തുവന്നേക്കും. കോഴിക്കോട്ടെ റീജണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നാൽ മാത്രമെ ഷിഗെല്ല ബാക്ടീരിയ എങ്ങനെ വ്യാപിച്ചുവെന്നതിൽ വ്യക്തതയുണ്ടാവു.
ഷവർമ്മ, മയോണൈസ്, മസാലപ്പൊടികൾ എന്നിവയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കൂൾബാറിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ച ദേവനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇന്ന് വന്നേക്കും.