കാസർകോട്: പൂക്കളെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ പൂക്കളിലെ വൈവിധ്യങ്ങൾ തേടി ജീവിക്കുന്നവർ വിരളമായിരിക്കും. പൂക്കളെ ജീവിതത്തോട് ചേർത്തു വെച്ച കാസർകോട് പെരിയയിലെ ഉഷ ടീച്ചറുടെ വീട്ടുമുറ്റത്തെ പൂന്തോട്ടം ഒന്ന് കാണണം. അവിടെയുണ്ട് വൈവിധ്യങ്ങളുടെ പുഷ്‌പിത കാലം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂ ചെടികൾ ഇവരുടെ ഉദ്യാനത്തിൽ വർണങ്ങൾ നിറക്കുന്നു.
30 വര്‍ഷം കൊണ്ടാണ് ഉഷ ടീച്ചർ ഈ ഉദ്യാനമൊരുക്കിയെടുത്തത്. നാടനും ഹൈബ്രിഡുമായി 75 ഇനം ചെമ്പരത്തികൾ ഈ ഉദ്യാനത്തിൽ കാണാം. പൂനെ, ബെംഗളൂരു, ഹിമാലയം എന്നിവിടങ്ങളില്‍ നിന്നുമാണ് ചെമ്പരത്തികളുടെ വരവ്. ഒപ്പം ഇല വര്‍ഗത്തില്‍പ്പെട്ട ബിഗോണിയുടെ ശേഖരവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ലില്ലി വർഗത്തിൽപ്പെട്ട എട്ട് തരം പൂക്കൾ, വ്യത്യസ്തങ്ങളായ 600 ഓളം ഓർക്കിഡുകൾ, ആന്തൂറിയം, എപിസിയ, ടര്‍ട്ടില്‍ വൈന്‍, വാണ്ടറിംഗ് ജു, ഫേണ്‍ എന്നിവ അപൂര്‍വ ഇനങ്ങളാണ്. കാന അല്ലെങ്കില്‍ കുളവാഴയുമുണ്ട് 12 തരം. താമര എട്ടുതരമുണ്ട്. മുല്ലകളും രാജമല്ലികളും പവിഴമല്ലികളും ഉള്‍പ്പടെയുളളവ ഉഷ ടീച്ചറുടെ ഉദ്യാനത്തില്‍ വിരാജിച്ചു നില്‍ക്കുകയാണ്.
പൂന്തോട്ടത്തിനുപുറമെ ഉഷ ടീച്ചര്‍ക്ക് പച്ചക്കറിതോട്ടവുമുണ്ട്. ഭര്‍ത്താവും റിട്ട മിലിട്ടറി ഉദ്യോഗസ്ഥനുമായ നാരായണനും മക്കളായ നയനയും ലയനയും മരുമക്കളായ നിഖിലും സനിലും ടീച്ചറുടെ ആഗ്രഹങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇനിയും മനോഹരവും വ്യത്യസ്തവുമായി ചെടികളെ നട്ടുവളര്‍ത്തുവാനുളള ഒരുക്കത്തിലാണ് ഈ അധ്യാപികയും കുടുംബവും.