കാസർകോട്: കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. മടക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്‍റെ ഒരു ഭാഗം മുങ്ങി. ആറോളം മത്സ്യത്തൊഴിലാളികള്‍ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കാസർകോട് തീരത്ത് നിന്നും 15 നോട്ടിക്കല്‍ മൈൽ അകലെ കപ്പൽ ചാലിലാണ് അപകടം.
തീരദേശ പൊലീസ് സംഘവും കോസ്റ്റ് ഗാർഡ് സംഘവും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉൾക്കടലിൽ പട്രോളിങ് നടത്തുന്ന സംഘമാണ് ബോട്ട് മുങ്ങിയ സ്ഥലത്തേക്ക് നീങ്ങുന്നത്. തിരുവനന്തപുരം സ്വദേശികളാണ് ബോട്ടിലുള്ളത്. കോസ്റ്റൽ പൊലീസിന് വിവരം ലഭിക്കുമ്പോൾ ബോട്ട് പകുതിയോളം മുങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കയ്യിൽ ലൈഫ് ബോയകൾ ഉണ്ടെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.