കാസര്‍കോട്: മുപ്പതു മണിക്കൂർ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി ജോസഫാണ് കടലിൽ 30 മണിക്കൂർ കഴിഞ്ഞത്. കാസര്‍കോട് കീഴൂരില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളക്കാരാണ് ജോസഫിനെ രക്ഷപ്പെടുത്തിയത്.
മംഗളൂരുവില്‍ നിന്നും ഡിസംബര്‍ 31നാണ് ജോസഫ് അടങ്ങുന്ന എട്ടംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. ജനുവരി ആറിന് പുലര്‍ച്ചെ വല വലിക്കുമ്പോഴാണ് ജോസഫിനെ കാണാതായ വിവരം ബോട്ടിലുള്ളവര്‍ അറിയുന്നത്. ഈ സമയം ബോട്ട് കരയില്‍ നിന്നും 36 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു.
വ്യാഴാഴ്‌ച രാവിലെ 11 വരെ തൊഴിലാളികള്‍ കടലില്‍ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനാല്‍ ഉച്ചയോടെ ബോട്ട് മംഗളൂരു തീരത്തേക്ക് മടങ്ങി. പിന്നീട് ബോട്ടുടമയെ അറിയിച്ച ശേഷം അതേദിവസം തന്നെ മംഗളൂരു പാന്തേശ്വരം പൊലീസ് സ്‌റ്റേഷനിലും തീരദേശ പൊലീസിലും പരാതി നല്‍കി.
ഈ വിവരങ്ങളൊന്നും അറിയാതെ കീഴൂർ കടപ്പുറത്ത് നിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ട ദിനേശനും സുരേഷും സൈനനും വലയെറിഞ്ഞു തുടങ്ങിയപ്പോഴാണ് നീങ്ങുന്ന ഒരു വസ്‌തു കണ്ണിലുടക്കുന്നത്. ശരീരം ചെറുതായി വെള്ള നിറമടിച്ചതിനാല്‍ മനുഷ്യശരീരമാണെന്നത് മത്സ്യത്തൊഴിലാളികള്‍ക്കും ആദ്യം മനസിലായിരുന്നില്ല.
ആളെ കണ്ടതോടെ തൊഴിലാളികള്‍ വലമടക്കി ജോസഫുമായി തളങ്കര പഴയ ഹര്‍ബറിലെത്തി. തുടർന്ന് തീരദേശ പൊലീസിന് ജോസഫിനെ കൈമാറി. അവശ നിലയിലായിരുന്ന ജോസഫിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കടലില്‍ നിന്ന് ലഭിക്കുമ്പോള്‍ പൂര്‍ണ നഗ്നനായിരുന്നു ജോസഫ്. വള്ളത്തിലുള്ള തൊഴിലാളികള്‍ അവരുടെ വസ്ത്രം ജോസഫിന് നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് ബോട്ടുടമ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെത്തി.