കാസർകോട്: നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ പഴമൊഴി. എന്നാല്‍ ഇത് വെറുമൊരു പഴമൊഴിയല്ലെന്ന് തെളിയിച്ച് കാലത്തിനൊപ്പം കുതിക്കുകയാണ് കാസര്‍ക്കോട്ടെ കുടുംബശ്രീ കൂട്ടായ്‌മ. സമൂഹത്തില്‍ നിരവധി സംരംഭങ്ങളില്‍ പുരുഷാധിപത്യം കാണാറുണ്ട്. സ്‌ത്രീകള്‍ക്കിതൊന്നും വഴങ്ങില്ലെന്നാണ് പലരുടെയും ധാരണ. ഹോട്ടലുകളുടെ നടത്തിപ്പ് അടക്കം നിരവധി സംരംഭങ്ങളില്‍ സ്‌ത്രീകള്‍ കഴിവ് തെളിയിച്ചതിന് പിന്നാലെ പുരുഷാധിപത്യമുള്ള വര്‍ക്‌ഷോപ്പും ഇവര്‍ കീഴടക്കിയിരിക്കുകയാണ് (Two Wheeler Workshop In Kasaragod).
കുടുംബശ്രീക്ക് കീഴിൽ സംസ്ഥാനത്തെ ആദ്യ വനിത ടൂ വീലർ വര്‍ക്‌ഷോപ്പ് കാസര്‍കോട് പ്രവര്‍ത്തനം ആരംഭിച്ചു. വളയിട്ട കൈകളിൽ സ്‌പാനറും ഒതുങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ കൂട്ടായ്‌മ. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലാണ് പുതിയ വര്‍ക്‌ഷോപ്പ് ആരംഭിച്ചത്. ചൊവ്വാഴ്‌ചയാണ് (നവംബര്‍ 21) വര്‍ക്‌ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബ ശ്രീ അംഗങ്ങളായ ബിന്‍റോ, ബിന്‍സി, മേഴ്‌സി എന്നിവരാണ് വര്‍ക്ക്‌ഷോപ്പിന്‍റെ നടത്തിപ്പുക്കാര്‍.
തങ്ങള്‍ക്ക് എന്തും സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു സംരംഭം തുടങ്ങാന്‍ സംഘത്തിന് പ്രചോദനമായത്. സംരംഭം തുടങ്ങാനായി ടൂ വീലര്‍ മെക്കാനിക്കില്‍ പരിശീലനവും നേടി. കാസര്‍കോട് കുടുംബശ്രീ മിഷന്‍റെ കീഴില്‍ പരപ്പ ആര്‍കെഐഇഡിപി പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല സ്‌കില്‍ ട്രെയിനിങ്ങില്‍ പങ്കെടുത്താണ് പരിശീലനം നേടിയത്. മെക്കാനിക്കൽ മേഖലയിൽ മുൻ പരിചയമൊന്നുമില്ലാത്ത 9 പേർക്കാണ് പരിശീലനം നൽകിയത്.
ഇരുചക്ര വാഹനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം വേഗത്തില്‍ കണ്ടെത്തി അത് റിപ്പയര്‍ ചെയ്‌തു കൊടുക്കാന്‍ സംഘത്തിന് കഴിയുന്നുണ്ട്. ഇന്നലെയാണ് ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും നിരവധി വാഹനങ്ങളാണ് ഇവിടെ റിപ്പയറിങ്ങിനായി എത്തിച്ചിട്ടുള്ളത്. മികച്ച സേവനമാണ് ലഭിക്കുന്നതെന്ന് വാഹന ഉടമകളും പറയുന്നു. തുടക്കം അല്‍പം പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായെന്ന് നടത്തിപ്പുക്കാര്‍ പറയുന്നു. കുടുംബശ്രീയിലെ മറ്റ് അംഗങ്ങള്‍ക്കും പരിശീലനം നല്‍കാന്‍ ഷോപ്പില്‍ സൗകര്യമൊരുക്കുമെന്നും അവര്‍ പറഞ്ഞു.
ഷോപ്പിലൂടെ ലഭിക്കുന്ന വരുമാനം മുഴുവന്‍ അംഗങ്ങള്‍ക്ക് വീതിച്ചെടുക്കാം. ഇവര്‍ക്കൊപ്പം പരിശീലനം ലഭിച്ച മറ്റുള്ളവര്‍ ഉടന്‍ തന്നെ മറ്റിടങ്ങളില്‍ വര്‍ക്ക് ഷോപ്പ് ആരംഭിക്കും. നിലവില്‍ വര്‍ക്‌ഷോപ്പില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും സൗജന്യമായി നല്‍കിയതാണ്.
നിശ്ചിത കാലയളവ് കഴിയുമ്പോള്‍ ഇവയെല്ലാം ഉടമകള്‍ക്ക് തിരികെ നല്‍കണം. പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക് വായ്‌പയും ലഭിക്കും. കുടുംബശ്രീയും ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനവും വായ്‌പ ലഭ്യമാക്കുന്നതിന് സഹായിക്കും. ഷോപ്പ് വിജയകരമാകുമെന്നത് കൊണ്ട് തന്നെ ഇനി ത്രിവീലര്‍, ഫോര്‍ വീലര്‍ എന്നിവയുടെ വര്‍ക്‌ഷോപ്പുകളും ആരംഭിക്കുമെന്ന് ഇവര്‍ പറയുന്നു.