കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവരിലേറെയും സാധാരണക്കാർ. ജീവനാംശം കിട്ടിയ പണമടക്കം ജ്വല്ലറിക്കായി നിക്ഷേപിച്ചവരടക്കം പരാതിക്കാരായെത്തി. ജ്വല്ലറിക്ക് പിന്നിലുള്ളവരുടെ വ്യക്തിപ്രഭാവവും സമുദായ സ്വാധീനവുമാണ് പലരെയും ചതിക്കുഴിയില്‍പ്പെടുത്തിയത്. ജീവിതസമ്പാദ്യങ്ങളാകെ നഷ്ടപ്പെട്ടുപോയവരാണ് പരാതിക്കാരിലേറെയും.
2017 മുതല്‍ നഷ്ടത്തിലാണെന്ന് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ പറയുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും നിക്ഷേപകരെ ഇക്കാര്യം അറിയിച്ചിരുന്നില്ല. സ്ഥാപനം നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് അടച്ചിരിക്കുന്നത് എന്ന കള്ളവും നിക്ഷേപകര്‍ക്കിടയില്‍ പറഞ്ഞു പരത്തി. ഈ സമയം ജ്വല്ലറിയുടെ ആസ്തികള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞിരുന്നു.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനം നഷ്ടത്തിലായാല്‍ ആസ്തികള്‍ വില്‍പ്പന നടത്താന്‍ കഴിയില്ലെന്നിരിക്കെയാണ് നിയമവിരുദ്ധമായ നടപടികള്‍ ജ്വല്ലറി മാനേജ്‌മെന്‍റ് സ്വീകരിച്ചത്. പരാതിക്കാരില്‍ ഏറിയ പങ്കും മുസ്‌ലിം ലീഗ് അനുഭാവമുള്ളവരാണ്. അതിനാല്‍ വഞ്ചന കാണിച്ചവരെ പാര്‍ട്ടി സംരക്ഷിക്കരുതെന്ന പൊതുവികാരമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതേ സമയം കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട ഘട്ടത്തിലും എം.എല്‍.എക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്.