കാസർകോട്: വയലിൽ വിത്തിട്ട് മുളപ്പിച്ച് ഞാറുനടുന്ന പരമ്പരാഗത നെൽകൃഷിയിൽ നിന്നും മാറിച്ചിന്തിക്കുകയാണ് കാസർകോട്ടെ നെൽകർഷകർ. പെരിയ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കുതിർത്ത് മുളപ്പൊട്ടിയ വിത്ത് പ്ലാസ്റ്റിക് ഷീറ്റിൽ പാകും. പ്ലാസ്റ്റിക് ഷീറ്റിൽ ഒരിഞ്ച് ഉയരത്തിൽ ചെളി വിരിച്ചതിന് മുകളിലായാണ് നെല്ല് പാകുന്നത്. രണ്ടാഴ്ച കൊണ്ട് വയലിൽ നടാനുള്ള ഞാറ് പാകമാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ആവശ്യനുസരണം നെൽച്ചെടികൾ ഷീറ്റ് മാതൃകയിൽ വയലുകളിൽ കൊണ്ടുപോയി നടാനും സാധിക്കുന്നു.
മുളിയാർ പഞ്ചായത്തിലെ കാനത്തൂർ, ചെങ്കള, എടനീർ എന്നിവിടങ്ങളിൽ 15 ഏക്കർ പാടത്ത് പുതിയ രീതിയിൽ നെൽകൃഷി ഇറക്കിയിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് ആണ് ഞാറ് നടുന്നത്. ഇതു വഴി ചിലവ് കുറച്ച് കൃഷിയിറക്കാൻ സാധിക്കുന്നുവെന്ന് കർഷകർ പറയുന്നു.
തൊഴിലാളി ക്ഷാമത്തിനും പുതിയ രീതി പരിഹാരമാകുന്നു. കുറഞ്ഞ ചിലവിൽ ശാസ്ത്രീയമായ നെൽകൃഷി സാധ്യമാകുമ്പോൾ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചുപോയി പാടങ്ങൾ പച്ചപ്പണിയുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.