കാസര്‍കോട്: വിണയില്‍ നേന്ത്രക്കായക്ക് കുത്തനെ വിലയിടിഞ്ഞു. വിലയിടിവ് സര്‍വകാല റെക്കോര്‍ഡിലെത്തി. മാസങ്ങൾക്ക് മുമ്പ് കിലോക്ക് 75 മുതൽ 80 രൂപ വരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരാശരി 20 രൂപയാണ് കിലോക്ക് വില. കേരളത്തിൽ ഉല്‍പാദനം കൂടിയതും കർണ്ണാടകത്തിൽ നിന്നും നേന്ത്രക്കായ യഥേഷ്ടം വിപണിയിൽ എത്തുന്നതുമാണ് വിലയിടിവിന് കാരണം.
പച്ചക്കായ രണ്ടാംതരം 15 രൂപ നിരക്കിലാണ് മൊത്തവ്യാപാരികൾ വിൽപന നടത്തുന്നത്. ഒന്നാം തരത്തിന് 18 രൂപ മുതൽ 22 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ കിട്ടുന്ന വിലക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. സീസണിൽ നല്ല കച്ചവടം പ്രതീക്ഷിച്ച് കൃഷിയിറക്കിയവർ ഇതോടെ കടക്കെണിയിലാകും. ഇത്രയേറെ വിലക്കുറവ് ഉണ്ടായിട്ടും വിൽപനയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കർണാടകത്തിലെ വാഴ തോട്ടങ്ങളിൽ വിളവെടുപ്പ് ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഇത് അടുത്ത മാസത്തോടെ നേരിയ വില വർധനവിന് സാഹചര്യമൊരുക്കും. അതേ സമയം തമിഴ്നാട്, തൃശ്ശിനാപള്ളി, വള്ളിയൂർ മേഖലകളിൽ നിന്നുള്ള ഉല്‍പാദനത്തെ ആശ്രയിച്ചായിരിക്കും വിപണിയിലെ വില സൂചിക.