കാസര്‍കോട്: കോടികളുടെ തട്ടിപ്പ് കേസില്‍ പ്രതിയായ മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി ഖമറുദ്ദീന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. എം.സി ഖമറുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലും ജ്വല്ലറിക്കായി പണം കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.
ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചെന്ന കേസിൽ കൂടുതൽ പരാതികൾക്കൊപ്പമാണ് വ്യാജ കമ്പനിയുടെ പേരിൽ പണം കൈപ്പറ്റിയതായ വിവരവും പുറത്തു വരുന്നത്. എം.സി ഖമറുദ്ദീൻ ചെയർമാനും പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായി കമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്സ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഇന്‍റർനാഷണൽ എന്നീ നാല് സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു സ്ഥാപനത്തിന്‍റെ പേരിലും പണം കൈപ്പറ്റി എന്ന് വ്യക്തമാകുന്ന രേഖകൾ ആണ് പുറത്തു വന്നത്. ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിൽ 2007ൽ ആളുകളിൽ നിന്നും പണം കൈപ്പറ്റിയെന്ന് ഷെയർ സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. പണം കൈപ്പറ്റി വഞ്ചിച്ചു എന്നതിന് പുറമെ വ്യാജ കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ചുവെന്ന ഗുരുതരമായ ആക്ഷേപവും ഉയർന്നതോടെ എം.സി. ഖമറുദീൻ കൂടുതൽ പ്രതിരോധത്തിലായി.