കാസർകോട്: എന്‍ഡോസള്‍ഫാന്‍ ബാധിത ഗ്രാമത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രയോജനപ്പെടുത്താതെ അധികൃതര്‍. നബാര്‍ഡ് പദ്ധതിയില്‍ പണിതീര്‍ത്ത പ്രാഥമികാരോഗ്യ കേന്ദ്രവും ഹോമിയോ ഡിസ്‌പെന്‍സറിയും ബഡ്‌സ് സ്‌കൂളും ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഫണ്ടിന്‍റെ അപര്യാപ്‌തത ചൂണ്ടിക്കാട്ടി പഞ്ചായത്ത് കൈമലര്‍ത്തുമ്പോള്‍ പുത്തന്‍ കെട്ടിടങ്ങള്‍ നോക്കു കുത്തിയാവുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ നിരവധിയാണ്. എന്നാല്‍ അത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ദുരിതബാധിത പഞ്ചായത്തായ ബെള്ളൂരിലെത്തിയാല്‍ ഇല്ല എന്ന ഉത്തരം ലഭിക്കും. ആരോഗ്യ സേവനം മെച്ചപ്പെട്ടതാക്കാന്‍ നിര്‍മ്മിച്ച പ്രാഥമികാരോഗ്യ കേന്ദ്രവും ഹോമിയോ ഡിസ്‌പെന്‍സറിയും ദുരിതബാധിതരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബഡ്‌സ് സ്‌കൂളുമെല്ലാം പണിതുയര്‍ത്തിയതല്ലാതെ ഇനിയും അതിന്റെ സേവനം നാട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല.
വൈദ്യുതി ബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന കാരണത്താലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നീട്ടുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 32 കുട്ടികളുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയെങ്കിലും അവര്‍ക്കായുള്ള ബഡ്‌സ് സ്‌കൂളും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഫണ്ടിന്‍റെ അപര്യാപ്തതയാണ് ഇതിന് കാരണമായി പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പ്രദേശത്തെ കര്‍ഷകനായ ബേബി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഹോമിയോ ഡിസ്‌പെന്‍സറിക്കായി കെട്ടിടം പണിതത്. എന്നാല്‍ ആ കെട്ടിടവും തുറന്ന് കൊടുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. നബാര്‍ഡ് പദ്ധതി പ്രകാരം 2013 ലാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലേക്കായി 230 കോടി രൂപ അനുവദിച്ചത്. അതില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ബെള്ളൂരിലെ മൂന്ന് കെട്ടിടങ്ങളും നിര്‍മ്മിച്ചത്. 2017 ഓടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി നല്‍കേണ്ട സേവനങ്ങളാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്നത്.