കാസര്‍കോട്: പയസ്വിനിപ്പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം എരിഞ്ഞിപ്പുഴ ഒളിയത്തടുക്കത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി ഒരു മണിയോടെ പുഴ കടന്നെത്തിയ ആനക്കൂട്ടം ഉണങ്ങിയ മരക്കൊമ്പ് കൊണ്ടടിച്ച് സോളാർ വേലി തകർത്താണ് കൃഷിയിടത്തിൽ പ്രവേശിച്ചത്. എ.ഭാസ്‌ക്കരൻനായർ, കെ.ഗോപാലൻ, എ.രാഘവൻ നായർ നെയ്യംകയം എന്നിവരുടെ കൃഷിയിടത്തിലെ മുഴുവൻ വാഴകളും ആനകൾ നശിപ്പിച്ചു.
ഇരുപതോളം കവുങ്ങിൻ തൈകൾ പിഴുതുകളഞ്ഞു. കൂട്ടത്തിൽ ആറ് ആനകളാണുണ്ടായിരുന്നത്. ശബ്‌ദം കേട്ട് ഒരു വീട്ടുകാർ ഉണരുകയും മറ്റുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. എല്ലാവരും സംഘടിതരായെത്തി ബഹളം വച്ചതോടെ ആനകൾ പുഴ നീന്തി കാട്ടിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കൊട്ടംകുഴിയിലും പരിസര പ്രദേശങ്ങളിലും ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. സമീപത്തെ ചെറു വനത്തിൽ ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.