കാസർകോട്: മെഡിക്കല്‍ കോളജ് കെട്ടിടം കൊവിഡ്-19 ആശുപത്രിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കെട്ടിടത്തിൽ വൈദ്യുതി ലഭ്യമാക്കി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നിര്‍ദേശപ്രകാരം 160 കെവി ട്രാൻസ്‌ഫോമര്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്‌ഘാടനത്തിന് തയ്യാറായിരിക്കുന്ന കാസർകോട് മെഡിക്കൽ കോളജ് ഒപി കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഉത്തര മലബാര്‍ ചീഫ് എഞ്ചിനീയര്‍ ആര്‍. രാധാകൃഷ്‌ണൻ, കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്രന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജയകൃഷ്ണന്‍, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആവശ്യമായ കിടക്കകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.