കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആധുനികതയിലേക്ക് വഴി മാറിയ കാലത്താണ് പോയകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചുമരെഴുത്ത് ശ്രദ്ധ നേടുന്നത്. കാസര്‍കോട് നീലേശ്വരം തളിയില്‍ ക്ഷേത്രക്കുളക്കടവിലാണ് മായാത്ത അടയാളപ്പെടുത്തലായി ചുമരെഴുത്ത് തെളിഞ്ഞ് നില്‍ക്കുന്നത്.
കുടില്‍ പെട്ടിയില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതാണ് ചുമരെഴുത്ത്. കൂടെ കുടിലിന്‍റെയും പൂട്ടിയ കാളയുടെയും ചിത്രങ്ങളുമുണ്ട്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിക്കുന്ന 1960കളിലെ ചുമരെഴുത്താണ് ഇന്നും തെളിമയോടെ നില്‍ക്കുന്നത്. പോയ കാലത്ത് തുറന്ന കുളമായിരുന്ന ഇവിടം നാട്ടുകാരെല്ലാവരുടെയും ശ്രദ്ധ പതിയുന്ന ഇടമായിരുന്നു. അങ്ങനെയാണ് ഈ കുളപ്പുരയുടെ ചുമരില്‍ പ്രചാരണ എഴുത്ത് ഇടം പിടിച്ചത്.