സ്വന്തം വ്യക്തിത്വത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ്ജെൻഡർ സമൂഹം. പൊതു ഇടങ്ങളിൽ നിന്നും ഒറ്റപ്പെട്ട്മാറിനിൽക്കാതെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ട്രാൻജെൻഡർഎന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുമായാണ് ഇവർ ഇക്കുറി പോളിംങ് ബൂത്തിൽ എത്തുക. കാസർകോഡ് പാർലമെന്‍റ് മണ്ഡലത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ രണ്ടുപേർക്ക് മാത്രമാണ് ഇക്കുറി വോട്ടവകാശം ലഭിച്ചത്.
13 ലക്ഷത്തിൽപരം വോട്ടർമാരുള്ള കാസർകോഡ് ലോക്സഭാ മണ്ഡലത്തിൽ വോട്ടവകാശമുള്ള രണ്ട് ട്രാൻസ്ജെൻഡേഴ്സിൽ ഒരാളാണ് ഇഷ കിഷോർ. ഇതിനു മുൻപ് പല തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കുറി ഇഷ ഉൾപ്പെടെയുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ വോട്ടിന് പ്രത്യേകതയുണ്ട്. ട്രാൻസ്ജെൻഡർ എന്ന രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുമായാണ് ഇഷ കിഷോർ ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിലെ പോളിംങ് ബൂത്തിൽ എത്തുക.
സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്ന തിരിച്ചറിയൽ രേഖ ലഭിക്കാത്തവർക്കുകൂടി അത് കിട്ടുന്നതിന്വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇഷ അടക്കമുള്ളവർ. ട്രാൻസ്ജെൻഡ് സംഘടനയായ ക്ഷേമയുടെ ജില്ലാ പ്രസിഡന്‍റും ഡിവൈഎഫ്ഐയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗവും കൂടിയാണ് ഇഷ കിഷോർ. നേരത്തെ പൊതു സമൂഹം അവജ്ഞയോടെ നോക്കിക്കൊണ്ടിരുന്ന ട്രാൻസ് വിഭാഗം അടുത്ത കാലത്താണ് മുഖ്യധാരയിലേക്ക് കടന്നു വന്നത്. ആരാലും മാറ്റിനിർത്തപ്പെടുന്നില്ലെന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പോലും സ്വന്തം വ്യക്തിത്വം അംഗീകരിക്കപ്പെടുന്നത്തിന്റെയും സന്തോഷത്തിലാണ് ഇഷ ഉൾപ്പെടുന്ന ട്രാൻസ് ജെൻഡർ സമൂഹം.