കാസർകോട്: ചൂടുപിടിച്ച പ്രചാരണവുമായി മുന്നണികളും നേതാക്കളും മഞ്ചേശ്വരത്ത് കളം നിറയുകയാണ്. അതിനിടയിലാണ് സൗഹൃദത്തിന്റെ നിമിഷങ്ങൾ പങ്കിട്ട് മൂന്ന് മുന്നണി സ്ഥാനാർഥികളും ഒരു വേദിയിൽ സംഗമിച്ചത്. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ഒത്തുകൂടിയ ഇവർ പരസ്പരം ഹസ്തദാനം നടത്തിയും കെട്ടിപ്പിടിച്ചും സൗഹൃദം പുതുക്കി.
ഇതിനിടെ തന്ത്രി വര്യൻ കൂടിയായ എൻ.ഡി.എ.സ്ഥാനാർഥി രവീശ തന്ത്രിയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർഥി അനുഗ്രഹം വാങ്ങിയത് കാഴ്ചക്കാരില്‍ കൗതുകമുണർത്തി.ഭാഷാ ന്യൂനപക്ഷ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയക്ക് പരിഹാരം കാണുകയാണ് പ്രഥമ പരിഗണനയെന്ന് മൂന്ന് സ്ഥാനാർഥികളും വ്യക്തമാക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ട് കച്ചവട ആരോപണങ്ങൾക്ക് മൂവരും കൃത്യമായ മറുപടി നൽകി. നേരിൽ കാണുമ്പോള്‍ സൗഹൃദത്തിലാണെങ്കിലും തുളുനാടൻ കളരിയിൽ വിജയം നേടാനുള്ള അടവുകൾ പയറ്റിക്കൊണ്ടാണ് സ്ഥാനാർഥികളുടെ പ്രചാരണം.