കാസര്‍കോട്: മഴക്കാലത്തും കുടിവെള്ളത്തിനായി പണം കൊടുക്കേണ്ട ഗതികേടിലാണ് ബദിയടുക്ക ഗോളിയടുക്ക കാനയിലെ 15 പട്ടികജാതി കുടുംബങ്ങൾ. ജലക്ഷാമത്തിന് പരിഹാരം കാണാനായി കുഴൽക്കിണർ സ്ഥാപിച്ചെങ്കിലും മോട്ടോർ ഘടിപ്പിക്കാത്തതിനാലാണ് മഴക്കാലത്തും ഇവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുന്നത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ബാരലിന് പത്ത് രൂപ നൽകിയാണ് ഇവർ വെള്ളം സംഭരിക്കുന്നത്. വേനൽക്കാലമായാലും മഴ കനത്താലും പ്രാഥമികാവശ്യങ്ങൾക്കടക്കം വീടുകളിലേക്ക് വെള്ളം ചുമന്നെത്തിക്കേണ്ട സ്ഥിതിയാണ്. മൊഗേറ, നൽക്ക സമുദായങ്ങളിൽപ്പെടുന്ന കുടുംബങ്ങളാണ് കാന കോളനിയിൽ ഉള്ളത്. അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണ് ഈ കുടുംബങ്ങൾക്ക് ദുരിതം സഹിക്കേണ്ടി വരുന്നത്. കോളനിയിലെ കുഴൽക്കിണറിൽ മോട്ടോർ സ്ഥാപിച്ച് അടുത്ത വേനൽക്കാലത്തിന് മുമ്പെങ്കിലും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.