കാസർകോട്: രോഗികളെ വലച്ച് കാസർകോട് ഡോക്‌ടർമാരുടെ സമരം. ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ അക്രമത്തിൽ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ കൂട്ട അവധിയെടുത്തത്.
കാസർകോട് ജനറൽ ആശുപത്രിയിലെ ഡോക്ടർ അരുൺ റാമിനെ മർദിച്ചയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഡോക്ടർമാരുടെ പരാതി. ഇതേ തുടർന്നാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്തെത്തിയത്. അസോസിയേഷൻ തീരുമാനപ്രകാരം ജനറൽ ആശുപത്രിയിലെ 49 ഡോക്ടർമാരും അവധിയെടുത്തതോടെ അത്യാഹിത വിഭാഗത്തിൽ ആറ് ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭ്യമായത്. സമരമറിയാതെ ആശുപത്രിയിലെത്തിയവർ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തിൽ വലഞ്ഞു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയെയും ജില്ലാ കലക്‌ടറെയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും തുടർ നടപടികൾ വൈകിയാൽ മറ്റു സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും കെ.ജി.എം.ഒ.എ (കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ) അറിയിച്ചു.
ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ച് ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ജനറൽ ആശുപത്രിയിലെത്തി.