കാസർകോട്: പാലവും റോഡുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന രാജപുരം പുളിംകൊച്ചി നിവാസികൾക്ക് ഒടുവിൽ ആശ്വാസ വാർത്തയെത്തി. ദുരിതയാത്രക്ക് പരിഹാരമായി പുളിംകൊച്ചി തോടിന് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം മരിച്ച കോളനി നിവാസി ഗോപാലന്‍റെ മൃതദേഹം നാട്ടുകാർ ചുമന്നു കൊണ്ടുപോകുന്ന ദയനീയ കാഴ്ച 'ഇടിവി ഭാരത്' റിപ്പോർട്ട് ചെയ്തിരുന്നു. പുളിംകൊച്ചി നിവാസികളുടെ യാത്ര ദുരിതം വാര്‍ത്തയായതോടെ അധികൃതര്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.
ജില്ല ട്രൈബൽ ഡിപ്പാർട്മെന്‍റും ജില്ല പഞ്ചായത്തും സഹകരിച്ചാണ് തോടിന് കുറുകെ പാലം നിർമിക്കുക. ഇതിനു ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ പഞ്ചായത്ത് അധികൃതരോട് ട്രൈബൽ ഓഫിസിൽ നിന്നും നിർദേശം നൽകിയിട്ടുണ്ട്. പാലത്തിന്‍റെ നിര്‍മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ പറഞ്ഞു.
റോഡ് നവീകരണവും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഇതോടെ 30ഓളം കുടുംബങ്ങളുടെ വർഷങ്ങളുടെ ദുരിതത്തിന് പരിഹാരമാകും. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരവും അപകടകരവുമായിരുന്നു. തോടിന് കുറുകെ പാലം ഇല്ലാത്തതിനാല്‍ നാട്ടുകാർ മരപ്പലകകൾ കൊണ്ട് നിർമിച്ച താത്കാലിക പാലത്തിലൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്.
ഇക്കാരണത്താല്‍ തന്നെ മഴക്കാലത്ത് വിദ്യാർഥികളുടെ പഠനവും മുടങ്ങിയിരുന്നു. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽകരള്‍രോഗം ബാധിച്ച് മരിച്ച പുളിംകൊച്ചിയിലെ ഗോപാലന്റെ മൃതദേഹം നാട്ടുകാരും ബന്ധുക്കളും ഒരു കിലോമീറ്ററോളം ചുമലിലേറ്റി കൊണ്ടുപോകുന്നത് കരളയിക്കുന്ന കാഴ്ച്ചയായിരുന്നു. 30 പട്ടികവര്‍ഗ കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.