കാസര്‍കോട് : കൊവിഡിന് പിന്നാലെ കാസർകോട് ഡെങ്കിപ്പനി ഭീഷണിയും. മലയോര മേഖലയിലുള്ളവരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതമാക്കി. ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ബളാല്‍,കള്ളാര്‍, കുറ്റിക്കോല്‍ തുടങ്ങിയ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളടക്കം സജീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം 55 പേരിലാണ് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും, കൊതുകുകൾ പെരുകാതിരിക്കാൻ ഉറവിട നശീകീരണപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച മേഖലകളില്‍ തന്നെയാണിത്തവണയും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയില്‍ തുടങ്ങി കടുത്ത ശരീര വേദനയോടെ ഗുരുതരമാകുന്ന അസുഖം പിടിപെടാതെ നോക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. രോഗികളും, ലക്ഷണങ്ങള്‍ കാണിക്കുന്നവരും വളരെയധികം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഡെങ്കിപ്പനിയെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. ഇതിനൊപ്പം കൊതുകുകള്‍ വളരാനുള്ള സാഹചര്യവും ഇല്ലാതാക്കിയാല്‍ മാത്രമെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകു.
മലയോര മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും ഡെങ്കിപ്പനിയ്ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നർക്കിലക്കാട്, കുറ്റിക്കോൽ, പനത്തടി, ചിറ്റാരിക്കൽ എന്നീ സ്ഥലങ്ങളിൽ ഫോഗിങ് നടത്തിയിട്ടുണ്ട്. ഗൃഹ സന്ദർശനവും വീടുകൾ തോറും കയറിയിറങ്ങിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു.