കാസര്‍കോട്: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കര്‍ശന നിയന്ത്രണം തുടരുന്നു. നാളെ അര്‍ദ്ധരാത്രിവരെ വരെ കര്‍ഫ്യൂവും, ഇന്റര്നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ പകല്‍ സമയത്ത് കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ പകല്‍ പത്ത് മണി മുതല്‍ അഞ്ച് മണി വരെയും കര്‍ഫ്യൂവില്‍ പ്രത്യേക ഇളവ് നല്‍കാന്‍ തീരുമാനമായി. സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മംഗളൂരുവിലെത്തി.
അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നാളെ അര്‍ധരാത്രിവരെ വരെ കര്‍ഫ്യൂ തുടരുന്നത്. മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്നെറ്റ് നിരോധനവും നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശക്തമായ പൊലീസ് സുരക്ഷയാണ് മംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതിനിടെ കര്‍ഫ്യൂ ലംഘിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയെയും സി.പി.ഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നും റിപ്പോര്‍ട്ടിങ്ങിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തലപ്പാടി അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക പൊലീസ് തടഞ്ഞു.
ആംബുലന്‍സും എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങളൊന്നും കര്‍ണാടകയിലേക്ക് കടത്തിവിടുന്നില്ല. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വാഹന പരിശോധനക്കായി നിയോഗിച്ചിട്ടുള്ളത്. പൊലീസ് നിയന്ത്രണം ശക്തമാക്കിയതോടെ കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലുകളില്‍ കഴിയുന്നുണ്ട്. ക്രിസ്മസ് അവധിക്ക് വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരുന്നതിനായി അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.