കാസർകോട്: കൊവിഡ് ഭീതിയിൽ കാലവേദികളുടെ തിരശീല താഴ്ന്നിരിക്കുമ്പോൾ കലാകാരന്മാർക്കൊപ്പം പ്രതിസന്ധിയിലാണ് വാദ്യോപകരണങ്ങളുടെ നിർമാതാക്കളും. കഴിഞ്ഞ 40 വർഷമായി ചെണ്ട, മൃദഗം, തബല തുടങ്ങിയവ നിർമിച്ചിരുന്ന കുഡ്ലുവിലെ വെങ്കട്ടരമണ ജീവിത പ്രാരാബ്‌ദത്തിന്‍റെ നടുവിലാണ്.
വീടിനോട് ചേർന്ന പണിശാലയിൽ ഭാര്യ രാജീവിക്കൊപ്പമാണ് സംഗീതോപകരണങ്ങളുടെ നിർമാണം. യാക്ഷഗാനം, ഭജന സംഘങ്ങളായിരുന്നു ഇവരിൽ നിന്നും സംഗീതോപകരണങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ മഹമാരി തീർത്ത വലയത്തിൽ ഈ വൃദ്ധ ദമ്പതികളുടെ ജീവിത പ്രതീക്ഷകളും തകർന്നു. ഉപകരണ സംഗീതം പഠിക്കുന്നവർ മാത്രമാണ് ഇപ്പോൾ ഇവരെ സമീപിക്കുന്നത്. നിത്യ വൃത്തിക്കായി മറ്റു ജോലികളൊന്നും അറിയില്ലെങ്കിലും ജീവിത സായാഹ്നത്തിൽ പ്രതിക്ഷകളോടെയാണ് ഇവർ വരും നാളുകളെ കാണുന്നത്. ചെണ്ടയുടെ വട്ടം മുറുക്കുമ്പോഴും മൃദഗത്തിന്‍റെ സ്വര സ്ഥാനങ്ങൾ ചിട്ടപെടുത്തുമ്പോഴുമെല്ലാം കാലം പഴയ പടിയാകുമെന്ന വിശ്വാസത്തോടെയാണ് ഈ ജീവിതങ്ങളും മുന്നോട്ട് പോകുന്നത്.